അപകടത്തില്‍പ്പെട്ട മോട്ടോ ജിപി റൈഡര്‍ക്ക് ദാരുണാന്ത്യം

റോം: ഇറ്റാലിയന്‍ ഗ്രാന്‍പ്രീ യോഗ്യതാ മത്സരത്തിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ മോട്ടോജിപി റൈഡര്‍ മരണത്തിനു കീഴടങ്ങി. സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ മോട്ടോര്‍സൈക്കിള്‍ റൈഡര്‍ ജേസണ്‍ ഡുപാസ്‌ക്വിയറാണ് മരിച്ചത്. 19 വയസ്സായിരുന്നു.

മുഗെല്ലോ സര്‍ക്യൂട്ടില്‍ യോഗ്യതാ റൗണ്ടില്‍ മത്സരിക്കുമ്പോള്‍ ശനിയാഴ്ചയാണ് ഡൂപസ്‌ക്വിയര്‍ അപകടത്തില്‍പ്പെട്ടത്. റേസിനിടെ മറ്റ് റൈഡര്‍മാരായ അയുമുസസാകി, ജെറെമി അല്‍കോബ എന്നിവരുമായി ഡുപാസ്‌ക്വിയര്‍ കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് സ്വന്തം ബൈക്ക് തന്നെ താരത്തിന്റെ ദേഹത്ത് ഇടിക്കുകയായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ താരത്തെ ആകാശമാര്‍ഗം ഫ്‌ളോറന്‍സിലെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്നയുടന്‍ മത്സരം നിര്‍ത്തിവച്ചിരുന്നു.

Top