കർണാടകയിൽ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് മരംമുറിച്ച് കടത്ത്; ബിജെപി എം.പിയുടെ സഹോദരന്‍ അറസ്റ്റില്‍

ബെം​ഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിലെ ഒരു ​ഗ്രാമത്തിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതിയിൽ ബി.ജെ.പി എം.പിയുടെ സഹോദരൻ അറസ്റ്റിൽ. മൈസൂരു-കുടക് ലോക്‌സഭാ മണ്ഡലത്തിലെ എം.പി പ്രതാപ് സിംഹയുടെ സഹോദരൻ വിക്രം സിംഹയെയാണ് അറസ്റ്റ് ചെയ്തത്‌.

126-ഓളം മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പരാതി. സർക്കാറിന്റെ ഉടമസ്ഥതയിലുള്ള വനഭൂമിയിൽ നിന്നാണ് പ്രതി മരം മുറിച്ച് കടത്തിയത്. ബെംഗളൂരു സിറ്റി ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയതെങ്കിലും പിന്നീട് കസ്റ്റഡി സംസ്ഥാന വനംവകുപ്പിന് കെെമാറി.

അനുമതി വാങ്ങാതെ മരം മുറിച്ച് കടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിക്രത്തിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. പ്രദേശത്തെ തഹസിൽദാർ നടത്തിയ ഫീൽഡ് സന്ദർശനത്തിനിടെയാണ് വിഷയം പുറത്തുവരുന്നത്. മരം കടത്തിയത് ശ്രദ്ധയിൽപ്പെട്ട ഉദ്യോ​ഗസ്ഥ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

അടുത്തിടെ പാർലമെന്റിൽ അതിക്രമം കാണിച്ചവർക്ക് നേരിട്ടല്ലെങ്കിലും സഹായംചെയ്തെന്ന ആരോപണം പ്രതാപ് സിംഹയ്ക്കെതിരെയും ഉയർന്നുവന്നിരുന്നു. അക്രമം നടത്തിയവർക്ക് പാർലമെന്റിൽ കടക്കാനുള്ള പാസ് അനുവദിച്ചത് പ്രതാപ്‌സിംഹയുടെ ശുപാർശയിലായിരുന്നു.

Top