കുട്ടികളെ മറയാക്കി ലഹരി കടത്ത്; ദമ്പതികള്‍ ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍

നിലമ്പൂർ: കുട്ടികളെ മറയാക്കി ലഹരിമരുന്ന് കടത്തിയ ദമ്പതികൾ ഉൾപ്പെടെ നാലംഗ സംഘത്തെ എക്‌സൈസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. പ്രതികളിൽനിന്ന് 75.458 ഗ്രാം എംഡിഎംഎയും കടത്താനുപയോഗിച്ച 3 വാഹനങ്ങളും പിടിച്ചെടുത്തു. ഇവരുടെ കൂടെയുണ്ടായിരുന്ന 2, 7 വയസ്സുള്ള കുട്ടികളെ ബന്ധുക്കൾക്കു കൈമാറി.

കാരക്കുന്ന് പുലത്ത് കൊല്ലപ്പറമ്പിൽ അസ്ലാമുദ്ദീൻ (31), ഭാര്യ എൻകെ ഷിഫ്‌ന (26), സുഹൃത്തുക്കളായ കാവന്നൂർ അത്താണിക്കൽ മുഹമ്മദ് സാദത്ത് (29), വഴിക്കടവ് കമ്പളക്കല്ല് നരിക്കോട്ടുമ്മൽ കമറുദ്ദീൻ (36) എന്നിവരെയാണ് എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല ഇന്റലിജൻസ് സ്‌ക്വാഡിലെ ടി ഷിജുമോൻ, മുഹമ്മദ് ഷഫീഖ്, മനോജ് കുമാർ എന്നിവർ പിടികൂടിയത്.

അസ്ലാമുദ്ദീൻ ആണ് സംഘത്തിന്റെ സൂത്രധാരൻ. ഗൂഡല്ലൂർ ചൂണ്ടി ഭാഗത്ത് അസ്ലാമിന്റെ 5 ഏക്കർ കൃഷിയിടം മറയാക്കിയായിരുന്നു ലഹരികടത്തെന്ന് അധികൃതർ പറഞ്ഞു. കൃഷിയിടത്തിലേക്കെന്നു പറഞ്ഞ് ദമ്പതികൾ നാട്ടിൽനിന്നു പോകുന്നത് ബെംഗളൂരുവിലേക്കായിരുന്നു. അവിടെനിന്നു ലഹരിമരുന്നു വാങ്ങി ചൂണ്ടിയിൽ തങ്ങും. സാഹചര്യം അനുകൂലമെന്നു കണ്ടാൽ നാടുകാണിചുരം വഴി കേരളത്തിലേക്കു കടത്തും.

കുട്ടികളും സ്ത്രീയും ഒപ്പമുള്ളതിനാൽ കാര്യമായ പരിശോധന ഉണ്ടാകാറില്ല. ഒരാഴ്ച മുൻപ് സംഘം ബെംഗളൂരുവിലേക്കു പുറപ്പെട്ടപ്പോൾ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരമാണു പ്രതികളെ കുടുക്കിയത്. തുടർന്ന് സംസ്ഥാന എക്‌സൈസ് ഇന്റലിജൻസ് വിഭാഗം ജാഗ്രതയിലായി. ചൂണ്ടിയിൽ ഇവർ തിരിച്ചെത്തിയതു മുതൽ ചുരത്തിൽ രാപകൽ നിരീക്ഷണം തുടങ്ങി. കമ്പളകല്ലിൽനിന്നു കമറുദ്ദീനെ ചൂണ്ടിയിലേക്കു വരുത്തി. എംഡിഎംഎ 3 പൊതികളാക്കി. ഓരോ പൊതി മുഹമ്മദ് സാദത്ത്, കമറുദ്ദീൻ എന്നിവരെ ഏൽപ്പിച്ചു. ഒന്ന് ഷിഫ്‌നയും കൈവശം വച്ചു.

കഴിഞ്ഞ ദിവസം രാത്രി എംഡിഎംഎയുമായി ജീപ്പിൽ മുഹമ്മദ് സാദത്ത് പുറപ്പെട്ടു. പിന്നാലെ മഴയത്ത് ബൈക്കിൽ ഷിഫ്‌നയും കുട്ടികളുമായി അസ്ലാമുദ്ദീനും. സ്‌കൂട്ടറിൽ കമറുദീനും ചേർന്നു. എക്‌സൈസ് സംഘം വിരിച്ച വലയിലേക്കാണ് എല്ലാവരും എത്തിപ്പെട്ടത്. ഷിഫ്‌നയുടെ ബാഗിൽനിന്ന് എംഡിഎംഎ കണ്ടെടുത്തു. സമാന രീതിയിൽ മുൻപ് പല തവണ ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്ന് ദമ്പതികൾ കുറ്റസമ്മതം നടത്തിയെന്ന് അധികൃതർ പറഞ്ഞു.

ഭർത്താവിന്റെ സാമ്പത്തിക ബാധ്യത തീർക്കാനാണു ലഹരിക്കടത്തിനു കൂട്ടുനിന്നതെന്നു യുവതി മൊഴി നൽകി. നിരവധി സിം കാർഡുകളു 1550 രൂപയും ഇവരിൽനിന്നു കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി 4 പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Top