റോഡില്‍ തുപ്പിയ യുവാവിനെക്കൊണ്ട് തന്നെ റോഡ് കഴുകിച്ച് ട്രാഫിക് വോളന്റിയര്‍മാര്‍

ചണ്ഡിഗഡ്: പൊതുസ്ഥലത്ത് തുപ്പിയ യുവാവിനെ കൊണ്ടതന്നെ റോഡ് കഴുകിച്ച് ട്രാഫിക് വോളന്റിയര്‍മാര്‍. ചണ്ഡിഗഡിലാണ് പൊതുസ്ഥലത്ത് തുപ്പിയ ബൈക്ക് യാത്രികനെ കൈകൊണ്ട് റോഡ് കഴുകിച്ചത്. പൊതുസ്ഥലത്ത് തുപ്പരുതെന്ന് യുവാവിനും ഒപ്പമുണ്ടായിരുന്ന കുട്ടിക്കും പറഞ്ഞ് മനസിലാക്കിയതിന് ശേഷമാണ് വോളന്റിയര്‍മാര്‍ ഇവരെ പറഞ്ഞയച്ചത്.

സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ട്രാഫിക് ചെക്ക് പോയിന്റിന് 100 മീറ്റര്‍ മുമ്പുള്ള റോഡിലാണ് യുവാവ് തുപ്പിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട വോളന്റിയര്‍മാര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തുകയും തുപ്പിയ സ്ഥലം വെള്ളം ഉപയോഗിച്ച് കഴുകിപ്പിക്കുകയുമായിരുന്നു. ട്രാഫിക് വോളണ്ടിയറായ ബല്‍ദേവ് സിംഗ് ഒരു പ്ലാസ്റ്റിക് കുപ്പിയില്‍ നിന്ന് വെള്ളം ഒഴിക്കുന്നതും യുവാവ് തന്റെ കൈകള്‍ കൊണ്ട് റോഡ് വൃത്തിയാക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ അടുത്ത് ചെന്ന് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന് ശേഷമാണ് ബല്‍ദേവ് ഇവരെ വിട്ടയച്ചത്.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ തുപ്പരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്ത്’ എന്ന റേഡിയോ പരിപാടിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പല സംസ്ഥാനങ്ങളും പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ച് വരുന്നത്.

Top