ബുധനാഴ്ച മുതല്‍ ചെറുതോണി പാലത്തിലൂടെ കാല്‍നട യാത്ര അനുവദിക്കുമെന്ന്. . .

cheruthoni

ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് വെള്ളം നിറഞ്ഞ് വാഹന ഗതാഗതം നിരോധിച്ച ചെറുതോണി പാലത്തിലൂടെ ബുധനാഴ്ച മുതല്‍ കാല്‍ നടയാത്ര അനുവദിക്കും.

എന്നാല്‍ വിദഗ്ധ പരിശോധനയ്ക്കുശേഷം മാത്രമായിരിക്കും വാഹനഗതാഗതം പുനരാരംംഭിക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെറുതോണി പാലം ബലപ്പെടുത്തുന്നതിന് എംപി ഫണ്ടില്‍ നിന്നും രണ്ടരക്കോടി രൂപ അനുവദിച്ചതായി ജോയിസ് ജോര്‍ജ് എംപിയും അറിയിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ ഇടയുണ്ടെന്നും അറിയിപ്പുണ്ട്. മാത്രമല്ല, മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ശക്തിയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

മഴ കുറയാത്തതിനാല്‍ നീരൊഴുക്കും ശക്തമായതിനാല്‍ അണക്കെട്ടുകളെല്ലാം തുറന്നനിലയില്‍ തന്നെയാണ്. കൂടാതെ കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ബംഗാള്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ്.

Top