മോട്ടോർവാഹന നിയമത്തിലെ ഭേദഗതി നടപ്പാക്കണം, കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്

തിരുവനന്തപുരം: കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ ഭേദഗതി വ്യവസ്ഥകൾ നടപ്പാക്കണമെന്നു സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ കത്ത്.

കുറ്റകൃത്യങ്ങൾക്കുള്ള പിഴ വർധിപ്പിക്കുന്നത് നിയമപാലനം ഉറപ്പാക്കാനും നിയമലംഘനങ്ങൾ കൂടുതൽ പ്രതിരോധിക്കാനുമാണ്. ഈ നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ ഭേദഗതിനിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കണമെന്നാണ് കത്തിൽ നിർദേശിക്കുന്നത്.

2019 സെപ്റ്റംബർ ഒന്നുമുതലാണ് കേന്ദ്രത്തിന്റെ പുതുക്കിയ പിഴ പ്രാബല്യത്തിൽ വന്നത്. 2019-ലെ മോട്ടോർവാഹന ഭേദഗതി നിയമപ്രകാരം നിർദേശിച്ചിട്ടുള്ളതിനെക്കാൾ കുറഞ്ഞനിരക്കിൽ ചില സംസ്ഥാനസർക്കാരുകൾ പിഴത്തുക വിജ്ഞാപനം ചെയ്തിരുന്നു. 1988-ലെ മോട്ടോർവാഹനച്ചട്ടത്തിലെ സെക്ഷൻ 200 പ്രകാരമായിരുന്നു ഈ വിജ്ഞാപനം.

ഇതേത്തുടർന്ന് ഗതാഗതമന്ത്രാലയം നിയമോപദേശം തേടി. അറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയശേഷമാണ് മറുപടി ലഭിച്ചത്. 1999-ൽ ഭേദഗതി വരുത്തിയ 1988-ലെ മോട്ടോർവാഹന നിയമം പാർലമെന്റിന്റെ നിയമനിർമാണമായതിനാൽ സംസ്ഥാനസർക്കാരുകൾക്ക് പിഴത്തുക കുറയ്ക്കാൻ കഴിയില്ലെന്നാണു നിയമോപദേശം. രാഷ്ട്രപതിയുടെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് ഇങ്ങനെ നിയമം പാസാക്കാനോ നടപടിയെടുക്കാനോ കഴിയില്ല.

കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയ നിയമം സംസ്ഥാനസർക്കാരുകൾ നടപ്പാക്കുന്നില്ലെങ്കിൽ നിയമം പാലിക്കണമെന്ന് സംസ്ഥാനങ്ങളോടു കേന്ദ്രത്തിനു നിർദേശിക്കാം. ഭരണഘടനയുടെ 256-ാം വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു. ഇതു പാലിക്കപ്പെടുന്നില്ലെങ്കിൽ 356-ാം വകുപ്പുപ്രകാരമുള്ള നടപടികൾ സ്വീകരിക്കാം. 1988-ലെ മോട്ടോർവാഹന നിയമത്തിൽ പിഴത്തുക നിശ്ചയിക്കാൻ സംസ്ഥാനങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ല.

Top