“ആചാരവും സംരക്ഷിക്കണം”;ശബരിമല വിഷയത്തില്‍ നിലപാട് തിരുത്തി രാഹുല്‍ ഗാന്ധി

ദുബായ് : ശബരിമല വിഷയത്തില്‍ നിലപാട് തിരുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആചാരം സംരക്ഷിക്കണമെന്ന വാദത്തില്‍ കാര്യമുണ്ടെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

ശബരിമല വിഷയത്തില്‍ ഇരുഭാഗങ്ങളിലും ന്യായമുണ്ട്. സ്ത്രീസമത്വം വേണം എന്നാല്‍ ആചാരവും സംരക്ഷിക്കണം. ഈ വിഷയത്തില്‍ രണ്ടു ഭാഗവും കേട്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് നില്‍ക്കാനാണ് സംസ്ഥാനനേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ദുബായ് സന്ദര്‍ശനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

നേരത്തെ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി അന്ന് പറഞ്ഞത്. ഇത് വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാടെന്നും താനും പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നുമാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.

Top