അശാസ്ത്രീയ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് വ്യാപാരികള്‍; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

കൊച്ചി: സംസ്ഥാനത്തെ അശാസ്ത്രീയ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ബുധനാഴ്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം അറിഞ്ഞിട്ട് ഹര്‍ജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനത്തില്‍ അപ്രായോഗികമായ നിര്‍ദേശം ഉണ്ടെങ്കില്‍ അറിയിക്കാന്‍ ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ളവര്‍ ആണ് ഹര്‍ജി നല്‍കിയത്.

അതേസമയം, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു. ഈ മാസം ഒമ്പതാം തിയതി മുതല്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കും. പ്രശ്‌ന പരിഹാരം കാണാന്‍ സര്‍ക്കാരിന് ആവശ്യത്തിന് സമയം നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയമെന്നും സമിതി സംസ്ഥാന അധ്യക്ഷന്‍ നസറുദ്ദീന്‍ പറഞ്ഞു.

 

Top