കച്ചവടക്കാരനെ മര്‍ദ്ദിച്ച കേസ്; സുശീല്‍ കുമാറിനെതിരെ നടപടി ആരംഭിച്ച് പൊലീസ്

ന്യൂഡല്‍ഹി: സുശീല്‍ കുമാറും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിച്ചുവെന്ന ഒരു കടക്കാരന്റെ പരാതിയില്‍ ഡല്‍ഹി പൊലീസ് സുശീലിനെതിരെ നടപടി എടുക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പലചരക്ക് കടക്കാരനായ സതീഷ് ഗോയല്‍ പരാതി നല്‍കിയത്.

സുശീലിന്റെ ഉടമസ്ഥതയിലുള്ള ഛത്രലാല്‍ സ്റ്റേഡിയത്തിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങള്‍ സതീഷിന്റെ കടയില്‍ നിന്നാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ കുടിശിക വരുത്തിയതോടെ പണം ആവശ്യപ്പെട്ട് സുശീല്‍ കുമാറിനെ സമീപിച്ചെന്നും അദ്ദേഹവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നുമാണ് സതീഷിന്റെ പരാതി. സ്റ്റേഡിയത്തിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

പൊലീസില്‍ പരാതി നല്‍കിയെങ്കിലും സുശീലിന്റെ സ്വാധീനം കാരണം ഒരു നടപടിയും ഉണ്ടായില്ലെന്ന് സതീഷ് ഗോയല്‍ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തന്നോട് ആവശ്യപ്പെട്ടതായും സതീഷ് കൂട്ടിച്ചേര്‍ത്തു. ഗുസ്തി താരം സാഗര്‍ ധങ്കറിന്റെ കൊലപാതകക്കേസിലെ പ്രധാന പ്രതിയായ 38 കാരനായ ഗുസ്തി താരം സുശീല്‍ കുമാറിനെ ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

മെയ് 4 ന് ഛത്രസാല്‍ സ്റ്റേഡിയത്തില്‍ സാഗര്‍ ധങ്കറിനെ കൊലപ്പെടുത്തിയ കേസില്‍ കുമാറിനും മറ്റുള്ളവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ടാണ് പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

Top