അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര യുദ്ധം മുറുകുന്നു; കോട്ടം ആഗോള വിപണിക്ക്!

ന്യൂയോര്‍ക്ക്: അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാരത്തര്‍ക്കം ഉള്‍പ്പെടെയുള്ള സംഘര്‍ഷം ആഗോള വിപണിക്കു കോട്ടമുണ്ടാക്കുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിമാറുന്നത്.

കോവിഡ് ക്ഷീണത്തിലും വളരുന്ന വിപണികളായ ഇന്ത്യയ്ക്കും ബ്രസീലിനും ഈ സാഹചര്യം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കോവിഡിനു ശേഷം തീര്‍ച്ചയായും യുഎസില്‍ വളരെ വലിയ തോതില്‍ പാപ്പരത്ത ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടാം. യൂറോപ്പിലും ഇങ്ങനെ സംഭവിക്കാം. വിഭവവിന്യാസം പുനഃക്രമീകരിച്ചും മൂലധന വ്യവസ്ഥ പുതുക്കിപ്പണിതും സമ്പദ് വ്യവസ്ഥയെ നമുക്ക് അഴിച്ചുപണിയേണ്ടി വരും.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ചൈനയുമായുള്ള തര്‍ക്കം പാരമ്യത്തിലെത്തും. ഇത് ലോകവ്യാപാര ക്രമത്തെ ദോഷകരമായി ബാധിക്കും. എന്നാല്‍, വളരുന്ന വിപണികളായ ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ എന്നിവയ്ക്കു നിര്‍ണായക സന്ദര്‍ഭമാണിത്.’ രഘുറാം രാജന്‍ പറഞ്ഞു.

അതേസമയം, നിക്ഷേപം ആകര്‍ഷിക്കാനും ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്താനും ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ സഹായകമായെന്നും മികച്ച വളര്‍ച്ചയ്ക്കു കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) അഭിപ്രായപ്പെട്ടു.

‘പുതിയ പാപ്പരത്ത നിയമം, ജിഎസ്ടി തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് 100ല്‍നിന്ന് 63ലേക്ക് ഉയരാന്‍ സഹായിച്ചു. തൊഴില്‍, ഭൂമി, അടിസ്ഥാനസൗകര്യ നിക്ഷേപം എന്നീ മേഖലകളിലും ഇനി കാതലായ മാറ്റമുണ്ടാകണം. അപ്പോഴേ സുസ്ഥിര വളര്‍ച്ച കൈവരിക്കാനാകൂ.’ ഐഎംഎഫ് മുഖ്യവക്താവ് ഗെറി റൈസ് വ്യക്തമാക്കി.

Top