‘സംസ്ഥാനത്ത് ട്രേഡ് യൂണിയന്‍ തീവ്രവാദം’, കൊടി നോക്കാതെ നടപടിയെടുക്കണം; കോടതി

കൊച്ചി: സംസ്ഥാനത്ത് ട്രേഡ് യൂണിയന്‍ തീവ്രവാദമെന്ന് വിമര്‍ശനവുമായി ഹൈക്കോടതി. ഇനി കേരളത്തില്‍ നോക്കുകൂലി എന്ന വാക്കു കേള്‍ക്കരുതെന്നും, നോക്കുകൂലിയുടെ കാര്യത്തില്‍ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നു സര്‍ക്കാരിനു കര്‍ശന നിര്‍ദ്ദേശവും കോടതി നല്‍കി.

തൊഴിലാളി യൂണിയന്‍ അംഗങ്ങളില്‍ നിന്നു പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം അഞ്ചല്‍ സ്വദേശി ടി. കെ. സുന്ദരേശന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണു പരാമര്‍ശം നടത്തിയത്.

നോക്കുകൂലി മൂലം കേരളത്തിലേയ്ക്കു വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നുണ്ട്. ഈ സാഹചര്യം മാറണം. തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ടു തൊഴിലാളി ബോര്‍ഡിനെ സമീപിക്കകയാണു വേണ്ടത്. അതിനു പ്രതിവിധി അക്രമമല്ല എന്നു വിശദീകരിച്ച കോടതി വിഎസ്എസ്സിയിലേയ്ക്കുള്ള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്ന മുന്‍ പരാമര്‍ശം ആവര്‍ത്തിച്ചു.

നേരത്തെയും നോക്കുകൂലി കേസ് പരിഗണിക്കുമ്പോള്‍ ട്രേഡ് യൂണിയനിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനം കോടതി ഉയര്‍ത്തിയിരുന്നു. മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന നോക്കുകൂലി തര്‍ക്കങ്ങളുടെ വാര്‍ത്തകള്‍ നാടിനു പേരുദോഷം ഉണ്ടാക്കുന്നതാണെന്നും ചുമട്ടുതൊഴിലാളി നിയമത്തിലെ തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

2017ല്‍ ഹൈക്കോടതി നിരോധിച്ച നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണു കോടതി ഉത്തരവ്. 2018 നു ശേഷം തൊഴിലാളി യൂണിയനുകള്‍ക്കെതിരെ 11 കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Top