ഹൈക്കോടതി വിധി പരിഗണിക്കുന്നില്ല; കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സമരസമിതി

ksrtc

കൊച്ചി: കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി. തുടര്‍ന്ന് സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ചേര്‍ന്നു. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി സമരസമിതി രംഗത്തെത്തിയത്.

ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് തൊഴിലാളി യൂണിയനുകളോട് നിര്‍ദേശിച്ച ഹൈക്കോടതി നാളെ മുതല്‍ ചര്‍ച്ച വീണ്ടും നടത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് ഇനി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.

അതേസമയം, കെഎസ്ആര്‍ടിസി നടത്തുന്ന സമരത്തെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. നേരത്തെ നോട്ടീസ് നല്‍കി എന്നത് പണിമുടക്ക് നടത്താനുള്ള അനുമതിയല്ലെന്ന് പറഞ്ഞ കോടതി സമരം നീട്ടിവെച്ചു കൂടേയെന്നും ചോദിച്ചിരുന്നു. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടതെന്നും യാത്രക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു.

നാട്ടുകാരെ കാണിക്കുന്നതിന് സമരം നടത്തേണ്ടതുണ്ടോയെന്നും നിയമപരമായി പരിഹാരം ഉള്ളപ്പോള്‍ ആ സാധ്യത തേടാത്തതെന്താണെന്നും കോടതി ചോദിച്ചിരുന്നു.

Top