ഡിസംബറിൽ രാജ്യത്തെ വ്യാപാര കമ്മി 25 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഡൽഹി: രാജ്യത്തേക്കുളള ഇറക്കുമതി മാർച്ചിനു ശേഷം ആദ്യമായി പോസിറ്റീവ് ട്രെൻഡിലേക്ക് എത്തി. ഇതോടെ ഡിസംബറിൽ വ്യാപാര കമ്മി 25 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 15.44 ബില്യൺ ഡോളറിലേക്ക് ഉയർന്നു. നവംബർ മാസത്തെ 9.87 ബില്യൺ ഡോളറിൽ നിന്നാണ് വ്യാപാര കമ്മി ഉയർന്നത്. ഇറക്കുമതി 7.56 ശതമാനം ഉയർന്ന് 42.59 ബില്യൺ ഡോളറിലെത്തി. മുൻ വർഷം സമാനകാലയളിൽ ഇത് 39.59 ബില്യൺ ഡോളറായിരുന്നു. കയറ്റുമതി രംഗത്ത് ഡിസംബറിൽ 0.14 ശതമാനത്തിന്റെ വളർച്ചയുണ്ടായി. 2020 ൽ വിപുലീകരണം കാണിക്കുന്ന മൂന്നാമത്തെ മാസമാണ് ഡിസംബർ.

കയറ്റുമതി രം​ഗത്തെ നേട്ടം സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം വർധിപ്പിക്കുന്നതാണ്. കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 27.15 ബില്യണ്‍ ഡോളറിലേക്ക് എത്തി. മുന്‍ വര്‍ഷത്തെ സമാനകാലയളവില്‍ ഇത് 27.11 ബില്യണ്‍ ഡോളറായിരുന്നു. ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ്, രത്നങ്ങൾ, ജ്വല്ലറി എന്നിവയുടെ കയറ്റുമതി വര്‍ധിച്ച പശ്ചാത്തലത്തിലാണിത്. എണ്ണ കയറ്റുമതി വാര്‍ഷിക അടിസ്ഥാനത്തില്‍ 35.5 ശതമാനത്തിന്‍റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തത്.

Top