ട്രാക്ടറുകളുടെ ടയറിന്റെ കാറ്റഴിച്ച് വിട്ട് പൊലീസ്; ദില്‍ഷാദ് ഗാര്‍ഡനില്‍ വന്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ പൊലീസിന്റെ അഴിഞ്ഞാട്ടം. കര്‍ഷകര്‍ വന്ന ട്രാക്ടറുകളും വാഹനങ്ങളും പൊലീസ് അടിച്ച് തകര്‍ത്തു. ട്രാക്ടറുകളുടെ ടയറുകളുടെ കാറ്റഴിച്ച് വിടുകയും വാഹനങ്ങളുടെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. കണ്ണീര്‍ വാതകം പ്രയോഗിച്ച് കര്‍ഷകരെ മാറ്റിയതിന് ശേഷമാണ് പൊലീസ് ആക്രമണ നടപടികള്‍ സ്വീകരിച്ചത്. ഒരു കാരണവശാലും ദില്‍ഷാദ് ഗാര്‍ഡനിലൂടെ റാലി കടക്കാന്‍ സമ്മതിയ്ക്കില്ല എന്നാണ് പൊലീസിന്റെ നിലപാട്‌.

വലിയ ഗതാഗതക്കുരുക്കാണ് സ്ഥലത്ത് ഉണ്ടായിരിക്കുന്നത്. നിരവധി ട്രാക്ടറുകള്‍ ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലാണുള്ളത്. കര്‍ഷകര്‍ മേഖലയില്‍ നിന്ന് പിന്മാറുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലത്തേയ്ക്ക് കടക്കാതിരിക്കാന്‍ പൊലീസ് ശ്രമം നടത്തുന്നുണ്ട്.
പ്രായാദ്ധിക്യമുള്ള കര്‍ഷകര്‍ ഉപേക്ഷിക്കപ്പെട്ട ട്രാക്ടറുകളില്‍ തന്നെ കിടക്കുകയാണ്.

റോഡില്‍ ട്രാക്ടറുകള്‍ അനങ്ങാന്‍ പറ്റാതെ കിടക്കുന്നതിനാല്‍ കൂടുതല്‍ ട്രാക്ടറുകള്‍ക്ക് ഇതുവഴി വരാന്‍ സാധിക്കില്ല. പൊലീസ് ഇന്ധന ടാങ്കുകള്‍ തുറന്നു വിടുകയും ടയറിന്റെ കാറ്റഴിച്ച് വിടുകയും ചെയ്ത് റാലിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.

Top