ട്രാക്ടര്‍ റാലി; റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടാക്കില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: തലസ്ഥാന അതിര്‍ത്തിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ റാലി ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ മാത്രമായിരിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ചെങ്കോട്ടയില്‍ സമരം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും അവര്‍ വ്യക്തമാക്കി.

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബീര്‍ രജേവാള്‍ കര്‍ഷകര്‍ക്കെഴുതിയ തുറന്ന കത്തിലാണ് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ മാത്രമാണ് നടക്കുകയെന്ന് വ്യക്തമാക്കിയത്. ചിലര്‍ അവകാശപ്പെടുന്നതുപോലെ ചെങ്കോട്ടയില്‍ പ്രതിഷേധ സമരം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷക സമരത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന വിഘടനവാദ ഘടകങ്ങളില്‍നിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം കര്‍ഷകരോട് പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിന്റെ തലേന്നു തന്നെ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിച്ചേരാന്‍ കര്‍ഷകരോട് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തുന്ന സമരം തടയണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

Top