അടിച്ചമർത്തൽ ‘നയമാക്കിയവരെ’ നേരിടാൻ, ഇനി പുതിയ പോർമുഖം ?

ണ്ട് മാസത്തിലധികമായി തുടരുന്ന ഡല്‍ഹിയിലെ കര്‍ഷക സമരം ഇപ്പോള്‍ ലോക ശ്രദ്ധയാണ് പിടിച്ചു പറ്റിയിരിക്കുന്നത്. കൊടും തണുപ്പില്‍ കര്‍ഷകര്‍ നടത്തിവരുന്നത് ഐതിഹാസിക സമരമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളടക്കം വിലയിരുത്തുന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്ത് വന്നത് കര്‍ഷകരോടുള്ള സഹതാപം വര്‍ദ്ധിക്കാനും കാരണമായിട്ടുണ്ട്. ചെങ്കോട്ടയിലേക്ക് കര്‍ഷകരെ വഴിതിരിച്ച് വിട്ട്, അവിടെ കൊടി നാട്ടിയത് ദീപ് സിദ്ദുവും സംഘവുമാണെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ സിദ്ദു, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകളും പുറത്ത് വന്നു കഴിഞ്ഞു.

സിഖ് പതാകയാണ് ഞങ്ങള്‍ ചെങ്കോട്ടയിലുയര്‍ത്തിയതെന്നും,  പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നുമാണ് ഫെയ്സ് ബുക്ക് ലൈവില്‍ ദീപ് സിദ്ദു ന്യായീകരിച്ചിരിക്കുന്നത്. ഭരണകൂടം ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുമ്പോള്‍ പ്രതിഷേധ കൊടി ഉയരുക സ്വാഭാവികമാണ്. അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ അത് ബോധപൂര്‍വ്വം കര്‍ഷക സമരം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ചെയ്തതെങ്കില്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. പാവപ്പെട്ട കര്‍ഷകരുടെ വികാരമാണ് സമരത്തില്‍ നുഴഞ്ഞ് കയറിയവര്‍ ഇവിടെ ചൂഷണം ചെയ്തിരിക്കുന്നത്. ദീപ് സിദ്ദുവിനെ തള്ളി കര്‍ഷക സംഘടനകളും സമരത്തെ പിന്തുണയ്ക്കുന്ന നിരവധി പേരും ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ബി.ജെ.പിക്ക് വേണ്ടി സമരത്തെ തകര്‍ക്കാനുള്ള നീക്കമാണ് സിദ്ദു നടത്തിയതെന്നാണ് ആരോപണം. ഗുണ്ടാത്തലവനില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയ ലാഖ സിദ്ധാനക്കൊപ്പം ദീപ് സിദ്ദു കര്‍ഷക പരേഡിന്റെ തലേദിവസം തന്നെ കര്‍ഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് നടത്തിയിരുന്നത്. ചെങ്കോട്ടയില്‍ എത്തുമ്പോള്‍ മൈക്രോഫോണും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ചെങ്കോട്ടയില്‍ ദേശീയ പതാകയോ സമാധനത്തിന്റെ വെള്ളക്കൊടിയോ ഉയര്‍ത്താതെ സിഖ് പതാക ഉയര്‍ത്തിയത് തന്നെ ബോധപൂര്‍വ്വമാണ്. ഇതാണ് ഖാലിസ്ഥാന്‍ പതാകയാണ് ഉയര്‍ത്തിയതെന്ന ആരോപണത്തിനും ഇടയാക്കിയിരുന്നത്.

 

ഇത്തരത്തിലുള്ള പ്രചരണമാണ് ബി.ജെ.പിയും ബോധപൂര്‍വ്വം അഴിച്ചു വിട്ടിരുന്നത്. എന്നാല്‍,  ഇതിനെല്ലാം അല്പായുസ് മാത്രമാണ് ഉണ്ടായിരുന്നത്. ദീപ് സിദ്ദുവിന്റെ ബിജെപി ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടതോടെ കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും ഇപ്പോള്‍ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടൊപ്പം സിദ്ധു നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് പുറത്തുവിട്ടിരിക്കുന്നത്.

നടനും മോഡലുമായ ദീപ് സിദ്ദു, പഞ്ചാബ് സ്വദേശിയാണ്. 2018ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുര്‍ദാസ്പുരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സണ്ണി ഡിയോളിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയവരില്‍ പ്രധാനിയും ദീപ് സിദ്ദുവായിരുന്നു. ചെങ്കോട്ടയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, സണ്ണി ഡിയോളും ദീപ് സിദ്ദുവും ഒരുമിച്ചുള്ള ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സിദ്ദുവിന് ആര്‍എസ്എസ്-ബിജെപി ബന്ധമുണ്ടെന്ന ആരോപണമാണ് നിലവില്‍ സോഷ്യല്‍ മീഡിയയെ ‘തീ’ പിടിപ്പിച്ചിരിക്കുന്നത്. ഇതോടെ പൊള്ളലേറ്റിരിക്കുന്നതാകട്ടെ, ബി.ജെ.പി നേതൃത്വത്തിനുമാണ്.

 

കര്‍ഷക സമരത്തെ തകര്‍ക്കാന്‍ വൃത്തികെട്ട നീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്നാണ് കര്‍ഷക സംഘടനകളും തുറന്നടിക്കുന്നത്. ട്രാക്ടര്‍ റാലിയെ വഴിതിരിച്ചു വിട്ട് പ്രകോപിപ്പിച്ചതിന് പിന്നില്‍ ഭരണകൂടത്തിന് വ്യക്തമായ പങ്കുണ്ടെന്നാണ് അവരുടെ ആരോപണം. ഗുജറാത്തില്‍ വംശീയ ഹത്യ നടക്കുമ്പോള്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ തന്നെയാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ നേതൃത്യം കൊടുത്തതും അദ്ദേഹം തന്നെയാണ്. ഡല്‍ഹി, വര്‍ഗ്ഗീയ കലാപത്താല്‍ ചുട്ട് പൊള്ളിയതും ഇതേ ഷാ ഇന്ദ്രപ്രസ്ഥത്തില്‍ വാഴുമ്പോഴാണ്. ഈ സാഹചര്യത്തില്‍ ഏകാധിപത്യ ശൈലിയില്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നേതൃത്വം കൊടുക്കുന്നവരില്‍ നിന്നും  ഏത് ഹീനമാര്‍ഗ്ഗവും കര്‍ഷകരും പ്രതീക്ഷിക്കേണ്ടത് തന്നെയാണ്.

കര്‍ഷക സമരത്തിനിടെ കലാപമുണ്ടാക്കി നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ട അക്രമിയെ സിംഗുവിലെ സമര കേന്ദ്രത്തില്‍ നിന്നും കര്‍ഷകര്‍ തന്നെ പിടികൂടിയത് കര്‍ഷക പരേഡിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. ഈ ആക്രമിയെ ഹരിയാന പൊലീസാണ് പറഞ്ഞ് വിട്ടതെന്ന ഗുരുതര ആരോപണവും കര്‍ഷക നേതാക്കള്‍ ഉയര്‍ത്തുകയുണ്ടായി. കര്‍ഷക നേതാക്കളെ വധിക്കാനും ട്രാക്ടര്‍ റാലി തടസ്സപ്പെടുത്താനുമാണ് താന്‍ എത്തിയതെന്നും താനുള്‍പ്പെടെയുള്ള പത്തംഗ സംഘത്തിനാണ് നിര്‍ദ്ദേശം കിട്ടിയതെന്നും അക്രമി തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഏറ്റുപറയുന്ന അസാധാരണ സാഹചര്യവുമുണ്ടായി. ഇയാളെ പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ഷകര്‍ കൈമാറിയെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയായവരെ ഇതുവരെയും പിടികൂടിയിട്ടില്ല. ഈ സംഭവങ്ങളും ഡല്‍ഹിയിലെ സംഘര്‍ഷവും വിലയിരുത്തുമ്പോള്‍, ഇപ്പോള്‍ സംഭവിച്ചതെല്ലാം യാദൃശ്ചികമെന്ന് ഒരിക്കലും പറയാന്‍ കഴിയുകയില്ല.

രാജ്യത്തെ ഒരു ഭരണകൂടവും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ബി.ജെ.പി സര്‍ക്കാറുകള്‍ സഞ്ചരിക്കുന്നത് എന്നു തന്നെ കരുതേണ്ടി വരും. ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കര്‍ഷക സമരത്തെ മുഖാമുഖം നേരിടാന്‍ ഭയമുള്ളവരാണ് അണിയറയില്‍ കുതന്ത്രങ്ങളും മെനയുന്നത്. സമരമുഖത്ത് ചെങ്കൊടി കണ്ടാല്‍ അത് ഭരണ കൂടത്തെ സംബന്ധിച്ച് മാവോയിസ്റ്റുകളുടേതാണ്. മുസ്ലീം ലീഗ് പതാകയെ പാക്കിസ്ഥാന്‍ പതാകയാക്കി ചിത്രീകരിച്ചവരാണ് സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ പതാകയെ മാവോയിസ്റ്റ് പതാകയായി ചിത്രീകരിച്ചിരിക്കുന്നത്. കര്‍ഷക സമരം, തീവ്ര ഇടതു ശക്തികള്‍ ഹൈജാക്ക് ചെയ്തതായ ആരോപണവും ബി.ജെ.പി നേതൃത്വം ഉയര്‍ത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, കേരളം, തമിഴ് നാട് സംസ്ഥാനങ്ങളില്‍ നിന്നു കൂടി കിസാന്‍ സഭയുടെ നേതൃത്വത്തില്‍, പതിനായിരങ്ങള്‍ ഡല്‍ഹിയിലേക്ക് എത്തിയതാണ് കാവിപ്പടയെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുന്നത്.

 

കര്‍ഷക സമരം ബഹുജന പ്രക്ഷോഭമായി മാറ്റുന്നതിലും കിസാന്‍ സഭ വഹിച്ച പങ്ക് വളരെ വലുതാണ്. ഇക്കാര്യം ദേശീയ മാധ്യമങ്ങള്‍ തന്നെ എടുത്ത് പറഞ്ഞിട്ടുമുണ്ട്. ഇതും കേന്ദ്രത്തെ ചൊടിപ്പിച്ച കാര്യമാണ്‌. പഞ്ചാബികളുടെ സമരമെന്ന വാദമാണ് ഇതോടെ തകര്‍ന്നിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുക പ്രയാസമാണെന്ന് കണ്ട് കര്‍ഷക സംഘടനകളെ പിളര്‍ത്താനും കള്ളക്കേസുകളില്‍, നേതാക്കളെ കുടുക്കാനുമാണ് നിലവില്‍ കേന്ദ്രത്തിന്റെ ഇടപെടലുകള്‍. ഡല്‍ഹിയിലെ സംഘര്‍ഷത്തെ അതിനുള്ള അവസരമായി ഉപയോഗപ്പെടുത്താനാണ് ശ്രമം. അത്യന്തം നെറികെട്ട നീക്കമാണിത്. ഈ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിനു തന്നെ അനിവാര്യമാണ്.

 

Top