ട്രാക്ടര്‍ റാലിയില്‍ ലാത്തിച്ചാര്‍ജ്ജ്, കണ്ണീര്‍ വാതകം; പതറാതെ കര്‍ഷകര്‍ മുന്നോട്ട്

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം. ഡല്‍ഹിയിലേയ്ക്ക് മുന്നേറുന്ന റാലിയില്‍  പൊലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായി. വഴിയില്‍ പലയിടത്തും ബാരിക്കേഡുകള്‍ വെച്ച് റാലി തടയാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. സഞ്ജീവ് ഗാന്ധി ട്രാന്‍സ്‌പോര്‍ട്ട് ജംഗ്ഷനില്‍ പൊലീസ്, കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.

പ്രതീക്ഷിച്ചതിലും അധികം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്. അതിര്‍ത്തികളില്‍ പുഷ്പ വൃഷ്ടിയോടെയാണ് ജനങ്ങള്‍ റാലിയെ സ്വീകരിച്ചത്. 8 മണിയ്ക്ക് ശേഷം തലസ്ഥാന നഗരത്തിലേയ്ക്ക് റാലി കടത്തി വിടാം എന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നെങ്കിലും റിപ്പബ്ലിക് ദിനാഘോഷം മൂലം സമയത്തില്‍ അധികൃതര്‍ പെട്ടെന്ന് മാറ്റം വരുത്തി. 11 മണിയ്ക്ക് ശേഷം മാത്രമേ റാലി കടത്തി വിടൂ എന്നാണ് പൊലീസ് നിലപാട് എടുത്തത്. ഇത് കര്‍ഷകര്‍രെ ക്ഷുഭിതരാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലും പൊലീസ് കണ്ണീര്‍ വാതകപ്രയോഗം നടത്തി. കര്‍ണാല്‍ അതിര്‍ത്തിയിലാണ് സംഭവം.

നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

Top