TP senkumar thanks to all who ware support him

senkumar

തിരുവനന്തപുരം: സുപ്രീംകോടതിയില്‍ നിന്നും ഇന്ന് വന്നത് ചരിത്ര വിധിയാണെന്നും നിയമപോരാട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറയുന്നുവെന്നും ടി.പി സെന്‍കുമാര്‍.

പൊലീസ് മേധാവി സ്ഥാനം തിരിച്ച് നല്‍കണമെന്ന സുപ്രീംകോടതി വിധി വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി.പി സെന്‍കുമാര്‍.

സത്യസന്ധമായി ജോലിചെയ്യുന്ന രാജ്യത്തെ എല്ലാ ഉദ്യോഗസ്ഥന്‍മാര്‍ക്കും വിധി ഉപകാരപ്പെടുമെന്നും കൂടുതല്‍ കാര്യങ്ങള്‍ സുപ്രീംകോടതി വിധി പകര്‍പ്പ് കിട്ടിയ ശേഷം സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ മാറ്റുന്നതിന് ആസ്പദമാക്കിയ ഫയലുകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ സര്‍ക്കാര്‍ സമര്‍പ്പിച്ച മൂന്ന് രേഖയിലും സംഭവിക്കാന്‍ പാടില്ലാത്ത കൃത്രിമമാണ് നടന്നത്. ഇക്കാര്യം സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടുവെന്നാണ് കരുതുന്നത്. ഈ രേഖയുടെ കാര്യത്തില്‍ ഭാവിയില്‍ തീരുമാനമെടുക്കേണ്ടിയിരിക്കുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.

ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ സ്വീകരിച്ച സമീപനം പൊലീസിനെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയതിനാലാണു പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ നീക്കിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഇക്കാര്യം കോടതി തള്ളിയതോടെ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണു സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

Top