ഡിജിപിയാക്കിയത് ചെന്നിത്തലയല്ല,കാര്യങ്ങള്‍ പഠിക്കാതെ സംസാരിച്ചാല്‍ പണി കിട്ടും;സെന്‍കുമാര്‍

ഇരിഞ്ഞാലക്കുട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കണക്കിന് മറുപടി നല്‍കി മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ രംഗത്ത്. ചെന്നിത്തല മുസ്ലീങ്ങളുടെ രക്ഷകാനായി എത്തിയത് മുഖ്യമന്ത്രിയാകാനുള്ള കൊതി കൊണ്ടാണെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്ന് ചെന്നിത്തല പ്രതികരിച്ചിരുന്നു ഇതിന് മറുപടിയായിരുന്നു സെന്‍കുമാര്‍ നല്‍കിയത്.

തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ നടന്ന പരിപാടിയിലാണ് ചെന്നിത്തലയെ സെന്‍കുമാര്‍ അഞ്ഞടിച്ചത്.

‘ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ട്. അതു കൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയാകേണ്ടത് നന്മയുള്ള ആളുകളാണ്. അല്ലാതെ ഇവരെ പോലുള്ളവരല്ല’ എന്നും സെന്‍കുമാര്‍ പറഞ്ഞു.

മാത്രമല്ല സെന്‍കുമാറിനെ താനാണ് ഡിജിപി ആക്കിയതെന്ന ചെന്നിത്തലയുടെ വാദവും സെന്‍കുമാര്‍ പൊളിച്ചടുക്കി. തന്നെ ഡിജിപിയായി നിയമിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ആഭ്യന്തര മന്ത്രിയല്ല ഡിജിപിയെ നിയമിക്കുന്നത്. അത് മന്ത്രിസഭയാണ്. ചെന്നിത്തല ആദ്യം കാര്യങ്ങള്‍ വ്യക്തമായി പഠിക്കട്ടെ. താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത്’ എന്നായിരുന്നു സെന്‍കുമാറിന്റെ വാക്കുകള്‍.

അതേസമയം ഇതൊരു വിമര്‍ശനമെന്നതിലുപരി താക്കീതായാണ് അദ്ദേഹം വിലയിരുത്തുന്നത്. ഇനിയും പറയിപ്പിക്കണോ എന്ന് ചെന്നിത്തല തീരുമാനിക്കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു. താനൊരു ദുരന്തമായി തോന്നുന്നത് ചെന്നിത്തലയ്ക്കും സുഡാപികള്‍ക്കുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top