സെന്‍കുമാര്‍ മാറ്റിയ കുമാരി ബീന,തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് മുന്‍പും തെറിച്ചു !

തിരുവനന്തപുരം: ഡിജിപി സെന്‍കുമാര്‍ സ്ഥലം മാറ്റിയ പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന മുന്‍പും നടപടിക്ക് വിധേയയായ ഉദ്യോഗസ്ഥ.

പൊലീസ് സേനയിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിയതിനാണ് ബീനയെ മുന്‍പ് സ്ഥലം മാറ്റിയിരുന്നത്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പരമാവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ സേനയില്‍ ഒരു ഒഴിവു പോലുമില്ലെന്ന ബീന തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് എ.ഡി.ജി.പി സന്ധ്യ അവതരിപ്പിച്ചിരുന്നത്.

ഇതിനെ എതിര്‍ത്ത നളിനി നെറ്റോ എസ് പി മാരില്‍ നിന്നും നേരിട്ട് ശേഖരിച്ച ഒഴിവുകളുടെ വിവരങ്ങള്‍ യോഗത്തില്‍ അക്കമിട്ട് നിരത്തുകയുണ്ടായി. ഈ സമയം ഫോണില്‍ എ.ഡി.ജി.പി സന്ധ്യ ബീനയെ വിളിച്ച് വിശദാംശം തേടിയപ്പോഴും ഇതേ മറുപടി തന്നെയാണ് ലഭിച്ചിരുന്നതത്രെ.

തുടര്‍ന്നാണ് ബീനയെ സ്ഥലം മാറ്റിയിരുന്നത്. ലോക് നാഥ് ബഹ്‌റ പൊലീസ് മേധാവിയായി ചുമതല ഏറ്റതോടെയാണ് പിന്നീട് അവരെ തിരികെ പൊലീസ് ആസ്ഥാനത്ത് തന്നെ നിയമിച്ച് ഉത്തരവിറക്കിയത്.

ഭരണപക്ഷ എം.എല്‍.എ കാരാട്ട് റസാക്കിന് വധഭീഷണിയുണ്ടെന്ന പരാതി നാല് മാസത്തോളം പൂഴ്ത്തിവച്ചതിനാണ് ടി ബ്രാഞ്ചില്‍ നിന്നും ബീനയെ ഡിജിപി സെന്‍കുമാര്‍ മാറ്റിയിരുന്നത്. എന്നാല്‍ ഈ ഉത്തരവ് വെള്ളിയാഴ്ച വൈകീട്ടോടെ റദ്ദാക്കുകയും ചെയ്തു.

ചാര്‍ജെടുത്തതിനു ശേഷം സെന്‍കുമാര്‍ മാറ്റിയ അഞ്ചില്‍ നാലുപേരും ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല.

പൊലീസ് ആസ്ഥാനത്ത് പോലും ഡിജിപിയുടെ ഉത്തരവ് പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ എന്തായിരിക്കും അവസ്ഥയെന്ന കാര്യവും ആശങ്കപ്പെടുത്തുന്നതാണ്.

സര്‍ക്കാറുമായി നിയമ പോരാട്ടം നടത്തിവന്നതിനാല്‍ എന്ത് പ്രവര്‍ത്തിച്ചാലും സര്‍ക്കാര്‍ സംരക്ഷിച്ചോളുമെന്ന മുന്‍ വിധിയിലാണ് ചിലരുടെ ഈ അപകടകരമായ പ്രവണതയെന്നാണ് പറയപ്പെടുന്നത്.

സെന്‍കുമാറിന്റെ വരവ് മുന്‍നിര്‍ത്തി പൊലീസ് ആസ്ഥാനത്ത് വലിയ അഴിച്ചുപണിയാണ് സര്‍ക്കാര്‍ നടത്തിയിരുന്നത്.

എന്നാല്‍ സെന്‍കുമാറാവട്ടെ സര്‍ക്കാറുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കുന്നതോടൊപ്പം നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പറഞ്ഞിരുന്നു.

മറ്റ് പല കാര്യങ്ങളിലും സെന്‍കുമാറുമായി അഭിപ്രായ ഭിന്നതയുണ്ടെങ്കിലും ഒരു ഭരണപക്ഷ എംഎല്‍എയുടെ ജീവന് ഭീഷണിയുണ്ടെന്ന പരാതി പൂഴ്ത്തിവച്ച ഉദ്യോഗസ്ഥക്കെതിരായ നടപടി ശരിയാണെന്ന അഭിപ്രായമാണ് ഇടത് എംഎല്‍എമാര്‍ക്കിടയില്‍ പോലുമുള്ളത്.

ഇപ്പോഴത്തെ ഈ വെല്ലുവിളി സെന്‍കുമാര്‍ എങ്ങനെ അതിജീവിക്കുമെന്നാണ് പൊലീസ് സേനയും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

അച്ചടക്കം പരമപ്രധാനമായ സേനയുടെ ആസ്ഥാനത്ത് തന്നെ അച്ചടക്ക ലംഘനം നടക്കുന്നതും പൊലീസ് മേധാവി ‘വണ്‍ മാന്‍ പൊലീസ് ‘ ആയി മാറുന്നതും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സേനയിലെ പൊതുവികാരം.

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ സംഭവങ്ങള്‍ക്കാണ് പൊലീസ് ആസ്ഥാനം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

Top