കാവിയണിയുന്ന കാക്കിയ്ക്ക് സൂപ്പര്‍ ‘പാര’ ശത്രുവിന്റെ വരവില്‍ പാളയത്തിലും പട !

കേരളത്തിലെ പിണറായി സര്‍ക്കാറിന് തലവേദനയായ ഐ.പി.എസ് ഓഫീസര്‍മാര്‍ ഇനി ആര്‍.എസ്.എസിനും തലവേദനയാകുമോ ? കാവി പടയിലേക്കുള്ള ദൂരം കാക്കി പടയ്ക്ക് കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ഈ ചോദ്യവും പ്രസക്തമാണ്.

പിണറായി സര്‍ക്കാര്‍ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയ ടി.പി സെന്‍കുമാര്‍ സുപ്രീം കോടതി വരെ പോയാണ് നിയമ പോരാട്ടം നടത്തിയത്. ഒടുവില്‍ അനുകൂലമായി ഉത്തരവ് നേടി പൊലീസ് മേധാവിയുടെ കസേരയിലിരുന്നാണ് അദ്ദേഹം വിരമിച്ചിരുന്നത്. ഇതിനു ശേഷം സംഘപരിവാര്‍ സംഘടനകളുടെ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സെന്‍കുമാര്‍.

ശബരിമല കര്‍മ്മസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന് ആര്‍.എസ്.എസ് തിരി കൊളുത്തിയപ്പോള്‍ അതിന്റെ ഉപാദ്ധ്യക്ഷനായും സെന്‍കുമാര്‍ പ്രവര്‍ത്തിച്ചു. ശബരിമല സംഘര്‍ഷം മുന്‍ നിര്‍ത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത നൂറ് കണക്കിന് കേസുകളില്‍ നിലവില്‍ സെന്‍കുമാര്‍ പ്രതിയാണ്. കള്ളക്കേസുകള്‍ എടുത്ത് തന്നെ പേടിപ്പിക്കേണ്ട എന്നാണ് സെന്‍കുമാര്‍ ഇതിനോട് പ്രതികരിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും ഉന്നത പദവിയിലേക്ക് സെന്‍കുമാറിനെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ സജീവമാണ്. ആര്‍.എസ്.എസ് നേത്യത്വമാണ് സെന്‍കുമാറിനു വേണ്ടി ശക്തമായി രംഗത്തുള്ളത്.

നിലവില്‍ മുന്‍ കേരള കേഡര്‍ ഐ.പി.എസ് ഓഫീസര്‍ അജിത് ദോവലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ആര്‍.എന്‍ രവിയും കേരള കേഡറിലെ മുന്‍ ഐ.പി.എസ് ഓഫീസറാണ്. തമിഴ്‌നാട് കേഡര്‍ മുന്‍ ഐ.പി.എസ് ഓഫീസര്‍ വിജയകുമാറിനെ കശ്മീര്‍ ഗവര്‍ണറുടെ ഉപദേഷ്ടാവായും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇവിടെ തീവ്രവാദികള്‍ക്കെതിരായ സുരക്ഷാ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും വിജയകുമാറാണ്. ആര്‍.എസ്.എസിനോടുള്ള അനുഭാവമാണ് ഉന്നത പദവി ഈ ഉദ്യാഗസ്ഥരെയെല്ലാം തേടിയെത്താന്‍ കാരണമായത്. ഇതേപാത പിന്‍തുടര്‍ന്നാണ് സെന്‍കുമാറും കാവി പാളയത്തില്‍ ചേക്കേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊന്നിച്ച് വേദി പങ്കിടുകയുമുണ്ടായി.

പരിവാര്‍ പാളയത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ സംഘപരിവാര്‍ അനുഭാവം കാണിച്ച പൊലീസ് ഓഫീസറാണ് സെന്‍കുമാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം എം.ജി കോളജില്‍ സംഘര്‍ഷം പൊട്ടി പുറപ്പെട്ടപ്പോള്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുകയുണ്ടായി. കാവിക്കോട്ടയില്‍ കയറി അക്രമികളെ അടിച്ചോടിക്കാന്‍ നേതൃത്വം നല്‍കിയിരുന്നത് കമ്മീഷണറായിരുന്ന മനോജ് എബ്രഹാമായിരുന്നു. ഇവിടേക്ക് പെട്ടെന്ന് തന്നെ കുതിച്ചെത്തി സോണല്‍ ഐ.ജി ആയിരുന്ന സെന്‍കുമാര്‍ നടത്തിയ ഇടപെടല്‍ പൊലീസ് സേനയെ പോലും അമ്പരപ്പിച്ചിരുന്നു.

ഒരു പൊലീസുകാരനെ കുത്തിന് പിടിച്ചാണ് അക്രമം അവസാനിപ്പിക്കാന്‍ സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചത്. കമ്മീഷണറുടെ സാന്നിധ്യം ഇല്ലായിരുന്നു എങ്കില്‍ ആ പൊലീസുകാരനെ സെന്‍കുമാര്‍ അടിക്കുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പോലും വ്യക്തമാക്കിയിരുന്നത്. ചോര പൊടിഞ്ഞ പൊലീസിനൊപ്പം നിന്നില്ല എന്ന ചീത്തപ്പേര് അന്നു മുതലാണ് സേനയില്‍ സെന്‍കുമാറിനു ലഭിച്ചത്. ഈ സെന്‍കുമാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം കാവി പാളയത്തിലെത്തിയതും ഡിപ്പാര്‍ട്ട്‌മെന്റിന് അപ്രതീക്ഷിതമായിരുന്നില്ല.

ബി.ജെ.പിയോടും നരേന്ദ്ര മോദിയോടും ഒരു കാര്യത്തില്‍ മാത്രമാണ് ശക്തമായ ഭിന്നത സെന്‍കുമാറിന് ഉള്ളത്, അത് നമ്പി നാരായണന്റെ കേസിലാണ്. ഈ മുന്‍ ശാസ്ത്രജ്ഞനെ വെള്ളപൂശുന്നതില്‍ മാത്രമാണ് സെന്‍കുമാറിന് എതിര്‍പ്പുള്ളത്. ഇപ്പോഴും നമ്പി നാരായണന്‍ കുറ്റക്കാരന്‍ തന്നെയാണെന്നാണ് സെന്‍കുമാര്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ കാവി പാളയത്തില്‍ ചേക്കേറാന്‍ ഒരുങ്ങുന്ന ജേക്കബ് തോമസുമായും കടുത്ത ശത്രുതയാണ് സെന്‍കുമാറിന് ഉള്ളത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസിന്റെ പല നടപടികളെയും അദ്ദേഹം എതിര്‍ത്തിരുന്നു. ഈ ശത്രുക്കള്‍ ഒരുമിച്ച് കാവിക്കൂട്ടില്‍ കടിപിടി കൂടുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഒരു കൂട്ടില്‍ ഒരു സിംഹം മതി എന്നാണ് സെന്‍കുമാര്‍ അനുകൂലികള്‍ പറയുന്നത്.

ആര്‍.എസ്.എസുമായുള്ള അടുപ്പം വ്യക്തമാക്കി, കഴിഞ്ഞ ദിവസമാണ് ജേക്കബ് തോമസ് രംഗത്ത് വന്നിരുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തോളമായി താന്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന വെളിപ്പെടുത്തലുമായാണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസ് രംഗത്തെത്തിയത്. ആര്‍.എസ്.എസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ചിലര്‍ക്ക് തൊട്ടുകൂടായ്മയാണ്. ഇത് പരിഹരിക്കാനായി പ്രവര്‍ത്തിക്കുമെന്നും. ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒയാണ് ആര്‍.എസ്.എസ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

1996ല്‍ മൈസൂരിലെ ഒരു സ്‌കൂളില്‍ വച്ചാണ് ആര്‍.എസ്.എസുമായുള്ള ബന്ധം തുടങ്ങിയതെന്നാണ് ജേക്കബ് തോമസ് പറഞ്ഞിരുന്നത്. ആര്‍.എസ്.എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, മറിച്ച് ഒരു കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് ജേക്കബ് തോമസിന്റെ ഈ തുറന്നു പറച്ചില്‍. കാവി പാളയത്തിലേക്ക് ചേക്കേറുമെന്ന സൂചനകള്‍ക്കിടയിലായിരുന്നു വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. അതേസമയം സ്വയം വിരമിച്ച് സംഘപരിവാര്‍ പാളയത്തില്‍ എത്താനുള്ള ജേക്കബ് തോമസിന്റെ നീക്കം തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറും ഇപ്പോള്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

ഡി.ജി.പി തസ്തികയിലുള്ള ജേക്കബ് തോമസിനെ സ്വയം വിരമിക്കാന്‍ അനുവദിക്കില്ലെന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനെ വിരമിക്കാന്‍ അനുവദിക്കാനാകില്ല എന്ന് കാണിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നേരത്തെ തന്നെ കേരള സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇത് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സ്വയം വിരമിക്കലിന് ശ്രമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നത്. എന്നാല്‍ ഈ അപേക്ഷ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടുകയും ചെയ്യുകയായിരുന്നു. ഈ നീക്കം ജേക്കബ് തോമസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് കേന്ദ്രത്തിന് സ്വയം വിരമിക്കലിന് അനുമതി നല്‍കാനുമാവില്ല, ഇനി അങ്ങനെ ചെയ്യുകയാണെങ്കില്‍ തന്നെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിന്റെ ചട്ടലംഘനങ്ങളും അദ്ദേഹത്തിന് ഇതുവരെ സംഭവിച്ച വീഴ്ചകളുമെല്ലാം അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും പ്രളയത്തിന്റെ സമയത്തും സര്‍ക്കാരിനെ ജേക്കബ് തോമസ് വിമര്‍ശിച്ചതും, സര്‍ക്കാരില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങാതെ സര്‍വീസ് സ്റ്റോറി എഴുതി പ്രസിദ്ധീകരിച്ചതുമെല്ലാം സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ഗുരുതര ചട്ടലംഘനമായാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഈ സംഭവങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. തുറമുഖ ഡയറക്ടര്‍ ആയിരുന്നപ്പോള്‍ ഡ്രെഡ്ജര്‍ വാങ്ങിയത് സംബന്ധിച്ച് അദ്ദേഹം നടത്തിയെന്ന് പറയുന്ന അഴിമതിയെക്കുറിച്ചുള്ള വിജിലന്‍സ്, ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടുകളും, ഡി.ജി.പിയുടെ റിപ്പോര്‍ട്ടും കേന്ദ്രത്തിന് നല്‍കിയ രേഖയില്‍ സര്‍ക്കാര്‍ ചേര്‍ത്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് നല്‍കിയതിലൂടെ ജേക്കബ് തോമസിന് സ്വയം വിരമിക്കാനുള്ള സാധ്യതകളാണ് അടഞ്ഞിരിക്കുന്നത്.

Express View

Top