സെന്‍കുമാറിന്റെ നിയമനം ഉടന്‍ നടപ്പാക്കണമെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തേക്കുള്ള ടിപി സെന്‍കുമാറിന്റെ നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

സെന്‍കുമാര്‍ വീണ്ടും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും നിയമ സെക്രട്ടറി പി ജി ഹരീന്ദ്രനാഥ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുന പരിശോധന ഹര്‍ജി നിലനില്‍ക്കാന്‍ സാധ്യതയില്ല. സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമ്പോള്‍, വിധി പറഞ്ഞ അതേ ബെഞ്ച് തന്നയാണ് ഇതു പരിഗണിക്കുക. അതിനാല്‍ വിധിയില്‍ മാറ്റം വരാനിടയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിധിയുടെ അടിസ്ഥാനത്തില്‍ തന്നെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്നു സെന്‍കുമാര്‍ കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നു വിധി പകര്‍പ്പു ഡൗണ്‍ലോഡ് ചെയ്തതും കൈമാറി.

എന്നാല്‍ അദ്ദേഹത്തിന് ഇതു സംബന്ധിച്ച ഒരു മറുപടിയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

Top