വിദേശ നഴ്സിംഗ് റിക്രൂട്ട്മെന്റ് ചൂഷണ രഹിതമാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

TP Ramakrishnan

കുവൈറ്റ് സിറ്റി : വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് മേഖല കൂടുതല്‍ സുതാര്യവും ചൂഷണ രഹിതമാക്കുകയുമാണ് കേരള സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍.

സത്യസന്ധവും സുതാര്യവുമായ രീതിയില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടത്താന്‍ സാധിക്കണം. ഈ മേഖലയിലെ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണം. ഇതിനായി ഒഡെപെക്കിന്റെയും നോര്‍ക്കാ റൂട്‌സിന്റെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഓരോ വര്‍ഷവും ട്രെയിനിങ് പൂര്‍ത്തിയാക്കി പുറത്തു വരുന്ന നഴ്‌സുമാരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇവര്‍ക്കെല്ലാം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. ഇതിനായി നഴ്‌സുമാരുടെ വൈദഗ്ധ്യം വികസിപ്പിക്കുക വഴി വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് ഒഡെപെകിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന 80 നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കേരളസര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം കുവൈത്തിലെ ബന്ധപ്പെട്ട അധികാരികളെ നേരില്‍കണ്ട് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ക്കായി മന്ത്രിയും ഉന്നത തല സംഘവും ഇന്നലെയാണ് കുവൈത്തിലെത്തിയത്. മൂന്നു ദിവസത്തെ കുവൈത്ത് സന്ദര്‍ശനത്തിന് ശേഷം മന്ത്രിതലസംഘം ഖത്തറിലേക്ക് തിരിക്കും.

Top