ടിപി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ സൗഖ്യം; പരമാവധി പരോള്‍ അനുവദിച്ച് ഇടത് സര്‍ക്കാര്‍

chandrashekar

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ടി.പി. വധക്കേസ് പ്രതികള്‍ക്ക് പരമാവധി പരോള്‍ അനുവദിച്ചെന്ന് റിപ്പോര്‍ട്ട്. നിയമസഭാ സമ്മേളനത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് പരോള്‍ സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സി.പി.എം മുന്‍ഏരിയ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനാണ് ഏറ്റവും കൂടുതല്‍ പരോള്‍ ലഭിച്ചത്. 135 സാധാരണ പരോളും 122 അടിയന്തര പരോളും അടക്കം 257 ദിവസം. മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം കെ.സി രാമചന്ദ്രന് 205 ദിവസവും (185 സാധാരണ പരോളും 20 അടിയന്തര പരോളും) പരോള്‍ ലഭിച്ചു.അണ്ണന്‍ സിജിത്ത്-186 ദിവസം, ടി.കെ രജീഷ്-90 ദിവസം, സി. അനൂപ്-120 ദിവസം, മുഹമ്മദ് ഷാഫി-135 ദിവസം, കിര്‍മാണി മനോജ്-120 ദിവസം, സി. മനോജ് 117 ദിവസം എന്നിങ്ങനെയാണ് മറ്റ് പ്രതികള്‍ക്ക് അനുവദിച്ച പരോള്‍. കൊടി സുനിക്കാണ് ഏറ്റവും കുറവ് പരോള്‍ അനുവദിച്ചത്. മൂന്നു വര്‍ഷത്തിനിടെ 60 ദിവസമാണ് ഇയാള്‍ക്ക് പരോള്‍ ലഭിച്ചത്.

രണ്ട് തരത്തിലുള്ള പരോളുകളാണ് ജയിലുകളില്‍ സാധാരണ അനുവദിക്കാറുള്ളത്. ഓരോ 90 ദിവസം കൂടുന്തോറും 15 ദിവസം അനുവദിക്കുന്ന സാധാരണ പരോള്‍. ഇത് പ്രകാരം ഒരു വര്‍ഷത്തില്‍ 60 ദിവസം വരെ പരോള്‍ ലഭിക്കും. രോഗം അടക്കമുള്ള സാഹചര്യത്തില്‍ 90 ദിവസം അടിയന്തര പരോളും അനുവദിക്കാം.

ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് വളരെ കുറച്ച് പരോള്‍ മാത്രമാണ് ജയില്‍ അധികൃതര്‍ സാധാരണ അനുവദിക്കാറുള്ളത്. ഈ കീഴ് വഴത്തിനിടെയാണ് ടി.പി കേസ് പ്രതികള്‍ക്ക് പരമാവധി പരോള്‍ നല്‍കിയിട്ടുള്ളത്.

Top