ചിത്രയെ ഒഴിവാക്കിയതില്‍ ഗൂഢാലോചനയെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

തിരുവനന്തപുരം: ലോക അത്‌ലറ്റിക് മീറ്റില്‍ നിന്നും പി യു ചിത്രയെ ഒഴിവാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍.

മീറ്റില്‍ നിന്ന് ചിത്രയെ ഒഴിവാക്കിയത് കൃത്യ സമയത്ത് കേരളത്തെ അറിയിക്കാനുള്ള സാമാന്യ മര്യാദ പോലും സെലക്ഷന്‍ കമ്മിറ്റിയിലുള്ള മലയാളികള്‍ കാണിച്ചില്ല. ചിത്രയെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ദത്തെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ചിത്രക്ക് യോഗ്യതയുണ്ടോയെന്ന് പറയേണ്ടത് പി ടി ഉഷയല്ലെന്നും ദാസന്‍ പറഞ്ഞു. ചിത്രയ്ക്ക് മീറ്റില്‍ പങ്കെടുക്കാന്‍
യോഗ്യത നേടാനായില്ലെന്നാണ് അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചത്‌.

എന്നാല്‍, ലോക മീറ്റില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയതില്‍ ന്യായീകരണവുമായി പി ടി ഉഷ രംഗത്തെത്തിയിരുന്നു.

താന്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമല്ല. നിരീക്ഷക മാത്രമാണെന്നും ഉഷ പറഞ്ഞു. ചിത്രയെ ലണ്ടനിലേക്ക് അയക്കാനായിരുന്നു തനിക്ക് താല്‍പര്യമെന്നും സംഭവിച്ചതില്‍ ദു:ഖമുണ്ടെന്നും ഉഷ വ്യക്തമാക്കി.

പി.യു ചിത്രയെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പാലക്കാട് എം.പി എം.ബി രാജേഷ് എന്നിവര്‍ സംഭവത്തില്‍ ഇടപെടുകയും കേന്ദ്ര കായിക മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

Top