ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ നിര്‍ണായക ശിക്ഷാവിധി നാളെ

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ശിക്ഷാവിധി ചൊവ്വാഴ്ച. ഒന്നുമുതല്‍ എട്ടുവരെ പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രന്‍, 11-ാം പ്രതി ട്രൗസര്‍ മനോജ് എന്നിവരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജിയിലാണ് നാളെ വിധി. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

പ്രതികള്‍ക്ക് പരാമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു കെ.കെ. രമ സമര്‍പ്പിച്ച അപ്പീലിലെ ആവശ്യം. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളെ തിങ്കളാഴ്ച രാവിലെ പത്തോടെയാണ് കോടതിയിലെത്തിച്ചത്. പത്താംപ്രതി സി.പി.എം. ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗമായിരുന്ന കെ.കെ കൃഷ്ണനും കോടതിയിലെത്തി. അതേസമയം, പന്ത്രണ്ടാം പ്രതിയായ കുന്നോത്തുപറമ്പ് ലോക്കല്‍കമ്മിറ്റി അംഗമായിരുന്ന ജ്യോതിബാബു ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ നിന്ന് ഓണ്‍ലൈനിലാണ് ഹാജരായത്.

ശിക്ഷ സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ കോടതി പ്രതികളോട് ചോദിച്ചറിഞ്ഞു. പ്രതികള്‍ ജയിലില്‍ചെയ്ത ജോലി, മാനസികാരോഗ്യത്തെ സംബന്ധിച്ച റിപ്പോര്‍ട്ട്, പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് എന്നിവയും കോടതി പരിശോധിച്ചിരുന്നു. ഈ മൂന്ന് റിപ്പോര്‍ട്ടുകളും പഠിക്കാനുള്ള പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ശിക്ഷാവിധി മാറ്റിയത്.

തങ്ങള്‍ നിരപരാധികളാണെന്ന് പ്രതികള്‍ കോടതിയെ ബോധിപ്പിച്ചു. വധശിക്ഷ വിധിക്കാതിരിക്കാന്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ഒന്നാം പ്രതി എം.സി അനൂപിനോട് കോടതി ചോദിച്ചു. കേസുമായി ഒരു ബന്ധവും ഇല്ലെന്ന് കൊടി സുനി അറിയിച്ചു. വീട്ടില്‍ പ്രായമായ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു കിര്‍മാണി മനോജിന്റെ വാദം. അസുഖമുള്ളതിനാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജ്യോതിബാബുവും ആവശ്യപ്പെട്ടു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ 12 പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചത്. വെറുതേവിട്ട പത്താംപ്രതി കെ.കെ. കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ ഗൂഢാലോചനാക്കേസില്‍ പ്രതികളാണെന്നും കണ്ടെത്തി.

2012 മേയ് നാലിനാണ് ആര്‍.എം.പി. സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് വിട്ടുപോയി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോട് പകവീട്ടുന്നതിന് സി.പി.എമ്മുകാരായ പ്രതികള്‍ കൊലപ്പെടുത്തി എന്നാണ് കേസ്.

Top