ജയിലില്‍ സുഖമായി കിടക്കാമല്ലോ; കുഞ്ഞനന്തന്റെ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി

kerala-high-court

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പതിമൂന്നാം പ്രതിയായ പി കെ കുഞ്ഞനന്തന്റെ യാഥാര്‍ഥ ആരോഗ്യപ്രശ്‌നം എന്താണെന്ന് ഹൈക്കോടതി. കുഞ്ഞനന്തന് ജയിലില്‍ കഴിയാന്‍ എന്താണ് തടസമെന്നും ഹൈക്കോടതി ചോദിച്ചു.

കുഞ്ഞനന്തന് നടക്കാനാവാത്ത അവസ്ഥയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ജയിലില്‍ സുഖമായി കിടക്കാമല്ലോ എന്നാണ് കോടതി പറഞ്ഞത്.

കുഞ്ഞനന്തന്‍ ജയിലില്‍ എത്ര വര്‍ഷം കഴിഞ്ഞെന്നും ജയിലില്‍ കൂടുതല്‍ ദിവസം ഉണ്ടായിരുന്നില്ല എന്നാണ് അറിഞ്ഞതെന്നും എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ സഹായിക്കാന്‍ കൂട്ടുപ്രതികള്‍ ഉണ്ടല്ലോ എന്നും കോടതി വ്യക്തമാക്കി.

കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അടിയന്തിര ചികിത്സ ആവശ്യമാണെന്നും കേസ് റദ്ദാക്കി ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തനിക്ക് ഹൃദയസംബന്ധമായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ജയിലില്‍ കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. ജയിലില്‍ തുടര്‍ന്നാല്‍ തനിക്ക് കൃത്യമായ ചികിത്സ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Top