TP Chandrasekharan murder case for CBI?

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാന്‍ ടി.പി. കേസ് വീണ്ടും യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കുന്നു.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചന സി.ബി.ഐക്ക് വിടുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ശുപാര്‍ശ ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ വിധവ കെ.കെ.രമ വീണ്ടും കേന്ദ്രത്തിന് കത്തയച്ച സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ഇക്കാര്യം വെളിപ്പെടുത്തുക കൂടി ചെയ്തതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് വീണ്ടും ‘സെന്‍സേഷനാവുന്ന’ സാഹചര്യമാണുള്ളത്.

സര്‍ക്കാര്‍ സമ്മദര്‍ദ്ദം ചെലുത്താത്തതിനാലാണ് സി.ബി.ഐ കേസ് ഏറ്റെടുക്കാത്തതെന്ന രമയുടെ വെളിപ്പെടുത്തലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിന് കത്തയക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും ഗൗരവമായാണ് സി.പി.എം നേതൃത്വം കാണുന്നത്.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ യു.പി.എ സര്‍ക്കാര്‍ നിരാകരിച്ചതാണെങ്കിലും കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ സംസ്ഥാനം ഇത്തരമൊരു ആവശ്യം ഉന്നയിച്ചാല്‍ ഗൂഢാലോചന കേസ് സി.ബി.ഐ ക്ക് വിടുമെന്ന് തന്നെയാണ് സി.പി.എം. പ്രതീക്ഷിക്കുന്നത്.

കണ്ണൂരിലെ ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധകേസ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സി.ബി.ഐ ഏറ്റെടുക്കുകയും സി.പി.എം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തതും ഈ കേസില്‍ പി.ജയരാജനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ടി.പി.കേസ് കൂടി സി.ബി.ഐ ക്ക് വിട്ടാല്‍ സി.പി.എം എങ്ങനെ പ്രതിരോധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

രാഷ്ട്രീയ പ്രേരിതമാണ് സര്‍ക്കാര്‍ നീക്കമെന്ന് സി.പി.എം ആരോപിക്കുന്നുണ്ടെങ്കിലും ടി.പി. കൊലക്കേസില്‍ ജയിലിലുള്ള പി.കെ. കുഞ്ഞനന്തന്‍ അടക്കമുള്ളവരെ സി.ബി.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയും നിര്‍ദ്ദേശത്തോടെയുമാണ് ടി.പി. ചന്ദ്രശേഖരനെ വധിച്ചതെന്നാണ് കെ.കെ.രമയുടെയും ആരോപണം.

Top