ടി.പി. കേസ്; 13-ാം പ്രതി കുഞ്ഞനന്തന് മൂന്ന് മാസത്തേക്ക് ശിക്ഷ മരവിപ്പിച്ച് ജാമ്യം

കണ്ണൂര്‍: ഏറെ വിവാദവും ചര്‍ച്ചകള്‍ക്ക് വഴിവെച്ചതുമായ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ പി.കെ. കുഞ്ഞനന്തന് ജാമ്യം. ഹൈക്കോടതിയാണ് കുഞ്ഞനനന്ത് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്ക് ശിക്ഷ മരവിപ്പിച്ചാണ് ടി.പി. വധക്കേസിലെ 13-ാം പ്രതിയായ കുഞ്ഞനന്തന് ജാമ്യം അനുവദിച്ചത്.

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇയാള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടെന്നും അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. ഇപ്പോള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.

2014 ജനുവരി 24നാണ് ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ കുഞ്ഞനന്തന് ശിക്ഷ ലഭിക്കുന്നത്. വിചാരണ കോടതിയാണ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവിട്ടത്. തുടര്‍ന്ന് ജയിലിലായ കുഞ്ഞനന്തന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കമുള്ള പല കാര്യങ്ങളും ചൂണ്ടികാണിച്ച് തുടര്‍ച്ചയായി പരോളില്‍ ഇറങ്ങിയിരുന്നു. തുടര്‍ന്ന് ഈ പ്രവണതയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ നിയമപ്രകാരമുള്ള പരോള്‍ മാത്രമാണ് കുഞ്ഞനന്തന് നല്‍കിയിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

Top