ടി പി ചന്ദ്രശേഖരന്‍ വധക്കേസ്; അപ്പീലുകളില്‍ ഹൈക്കോടതി വിധി ഇന്ന്

ടിപി ചന്ദ്രശേഖരന്‍ രാഷ്ട്രീയ കൊലപാതക കേസിലെ അപ്പീലുകളില്‍ ഹൈക്കോടതി വിധി ഇന്ന്. മൂന്ന് സിപിഐഎം നേതാക്കള്‍ ഉള്‍പ്പടെ 12 പ്രതികളെ ശിക്ഷിച്ചതിലും 24 പ്രതികളെ വെറുതെ വിട്ടതിന്മേലുമുള്ള അപ്പീലുകളിലാണ് വിധി. സിപിഐഎം പ്രതിക്കൂട്ടില്‍ നിന്ന രാഷ്ട്രീയ കൊലപാതകത്തിലാണ് നിര്‍ണ്ണായക വിധി. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് രാവിലെ പത്തേകാലിന് വിധി പറയുന്നത്.

സിപിഐഎം വിട്ട് ആര്‍എംപി സ്ഥാപിച്ച ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് 2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി. തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേരളം ചര്‍ച്ച ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി പി വധം.

കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സിപിഐഎം ആവർത്തിക്കുന്നത്. സിപിഐഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെസി രാമചന്ദ്രന്‍, കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി കെ കുഞ്ഞനന്തന്‍ എന്നിവര്‍ വധ ഗൂഡാലോചനക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരുന്നു. അപ്പീല്‍ കാലയളവില്‍ പികെ കുഞ്ഞനന്തന്‍ മരണപ്പെടുകയായിരുന്നു. കൊലയാളി സംഘാംഗങ്ങളായ എം സി അനൂപ്, കിര്‍മാണി മനോജ്, എന്‍ കെ സുനില്‍, രജീഷ് ടി കെ, കെ കെ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ് എന്നിങ്ങനെ എട്ട് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

തെളിവ് നശിപ്പിച്ച കേസില്‍ 31ആം പ്രതി എംകെ പ്രദീപന്‍ എന്ന ലംബു പ്രദീപന് മൂന്ന് വര്‍ഷമായിരുന്നു ശിക്ഷ. കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണെന്നും കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും പി മോഹനന്‍, കാരായി രാജന്‍, കെകെ രാഗേഷ് ഉള്‍പ്പടെ 24 പ്രതികളെ വിചാരണ കോടതി വിവിധ ഘട്ടത്തില്‍ വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ടതിനെതിരായ 12 പ്രതികളുടെ അപ്പീലാണ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

24 പ്രതികളെ വിട്ടയച്ചത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും കെകെ രമ എംഎല്‍എയും നല്‍കിയ അപ്പീലിലും ഹൈക്കോടതി വിശദമായ വാദം കേട്ടു. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ മാസങ്ങളോളം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് രാവിലെ പത്തേകാലിന് വിധി പറയുന്നത്.

Top