toyota yaris confirmed india launch hatchback

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട പ്രീമിയം ഹാച്ച്ബാക്ക് യാരിസുമായി എത്തുന്നു. പ്രീമിയം സെഗ്‌മെന്റില്‍ മത്സരിക്കാനെത്തുന്ന ഹാച്ച്ബാക്ക് മാരുതി ബലേനോ, ഹ്യുണ്ടേയ് ഐ 20, ഹോണ്ട ജാസ് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും യാരിസ് മത്സരിക്കുക.

ഇന്ത്യയ്ക്കു വേണ്ടി വികസിപ്പിച്ച് 2010 ല്‍ പുറത്തിറക്കിയ എറ്റിയോസ് വിപണിയില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാത്തതിനെ തുടര്‍ന്നാണ് നിലവില്‍ രാജ്യാന്തര വിപണിയിലുള്ള യാരിസിനെ പുറത്തിറക്കാന്‍ ടൊയോട്ട ആലോചിക്കുന്നത്.

1999 മുതല്‍ രാജ്യാന്തര വിപണിയിലുള്ള യാരിസ് ടൊയോട്ടയുടെ ജനപ്രിയ കാറുകളിലൊന്നാണ്. 4115 എംഎം നീളവും, 1700 എംഎം വീതിയും 1800 എംഎം പൊക്കവുമുള്ള കാര്‍ ഇന്ത്യന്‍ വിപണിയ്ക്ക് അനുയോജ്യമായിരിക്കും എന്നാണ് ടൊയോട്ട കരുതുന്നത്.

പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുമായിട്ടായിരിക്കും പുതിയ ഹാച്ച്ബാക്ക് എത്തുക.

നിലവില്‍ 98 ബിഎച്ച്പി കരുത്തും 128 എന്‍എം ടോര്‍ക്കുമുള്ള 1.3 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും. 105 ബിഎച്ച് പി കരുത്തും 143 എന്‍എം ടോര്‍ക്കുമുള്ള 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ വകഭേദവുമാണ് യാരിസിനുള്ളത്.

എന്നാല്‍ ഇന്ത്യന്‍ മോഡലിന് ഇവ കൂടാതെ എറ്റിയോസില്‍ ഉപയോഗിക്കുന്ന 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമുണ്ടാകും എന്നാണ് സൂചന. വാഹനം എന്ന് ഇന്ത്യയിലെത്തുമെന്ന് ടൊയോട്ട ഇതുവരെ അറിയിച്ചിട്ടില്ലെങ്കിലും അടുത്ത വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top