കൂടുതല്‍ പ്രത്യേകതകള്‍, കിടിലന്‍ ലുക്ക്; ടൊയോട്ടയുടെ ലക്ഷ്വറി വെല്‍ഫയര്‍ ഉടനെത്തും

ടെയോട്ട ഗ്ലോബല്‍ ശ്രേണിയിലെ ആഡംബര എംപിവി മോഡലായ വെല്‍ഫയര്‍ ഉടന്‍ ഇന്ത്യയിലെത്തുകയാണ്. ദീപാവലി ഉത്സവ സീസണ്‍ കണക്കാക്കി ഈ മാസം അവസാനത്തോടെ വെല്‍ഫയറിനെ ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി വഴിയാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുക. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് വെല്‍ഫയറിനെ ടൊയോട്ട ഇന്ത്യയിലെത്തിക്കുന്നത്.

രൂപത്തില്‍ അല്‍ഫാര്‍ഡിന് സമാനമാണ് വെല്‍ഫയര്‍.2.5 ലീറ്റർ ഡ്യുവൽ വിവിടി ഐ എൻജിനാണ് രാജ്യാന്തര വിപണിയിലുള്ള വെൽഫയറിൽ ഉപയോഗിക്കുന്നത്. സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ എന്നിവ വെല്‍ഫയറിനെ അല്‍ഫാര്‍ഡില്‍ നിന്ന് വെല്‍ഫയറിനെ വ്യത്യസ്തനാക്കും. വിദേശത്ത് നിരവധി സീറ്റിങ് ഓപ്ഷനില്‍ വെല്‍ഫയര്‍ ലഭ്യമാണെങ്കിലും ആറ് സീറ്റര്‍ വകഭേദമായിരിക്കും ഇന്ത്യയിലെത്തുക.

ഉത്പാദന രാജ്യത്ത് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വാഹനങ്ങളുടെ 2500 യൂണിറ്റുകള്‍ വരെ ഇന്ത്യയില്‍ വില്‍ക്കാന്‍ പ്രത്യേക ഹോമൊലോഗേഷന്‍ അവശ്യമില്ലെന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ മോഡലാണ് ടൊയോട്ട വെല്‍ഫയര്‍. നേരത്തെ മെഴ്‌സിഡിസ് ബെന്‍സ് വി ക്ലാസ് മോഡലും ഈ മാറ്റം പ്രയോജനപ്പെടുത്തി രാജ്യത്തെത്തിച്ചിരുന്നു.

യാത്രാസുഖത്തിനും സൗകര്യങ്ങൾക്കും മുൻതൂക്കം നൽകി നിർമിച്ചിരിക്കുന്ന വെൽഫയറിന്‌ ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, മൂന്ന് സോൺ എസി, 10.2 ഇഞ്ച് ഇൻഫോടൈൻമെന്റ് സിസ്റ്റം, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്‌.

Top