ആഡംബര എസ്യുവി വെല്‍ഫയറുമായി ടൊയോട്ട; ഒക്ടോബറില്‍ വിപണിയിലേക്ക്

ഡംബര എസ്യുവി വെല്‍ഫയറുമായി ടൊയോട്ട എത്തുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ പുതിയ വാഹനം ടൊയോട്ട വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാവും എംപിവി ഇന്ത്യയിലെത്തുക. കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച അല്‍ഫാഡിനെ പുറത്തിറക്കാതെ വെല്‍ഫയറിനെ വിപണിയിലെത്തിക്കാനാണ് ടൊയോട്ടയുടെ തീരുമാനം.

ഹോമൊലോഗേഷന്‍ വ്യവസ്ഥകളിലെ പരിഷ്‌കാരം പ്രയോജനപ്പെടുത്തി അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള മുന്‍നിര മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ എംപിവിയായ ഹയാസ് ഇന്ത്യയിലെത്തിക്കാന്‍ ടൊയോട്ട ആലോചിച്ചിരുന്നു; എന്നാല്‍ വിദേശനാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടവും സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളും ഈ നീക്കത്തിനു തിരിച്ചടിയായി.

രാജ്യാന്തര വിപണിയിലുള്ള വെല്‍ഫയറും അല്‍ഫാഡുമായി ചെറിയ മാറ്റങ്ങള്‍ മാത്രമേയുള്ളു. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 10.2 ഇഞ്ച് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. 2.5 ലീറ്റര്‍ ഡ്യുവല്‍ വിവിടി- ഐ എന്‍ജിനാണ് രാജ്യാന്തര വിപണിയിലുള്ള വെല്‍ഫയറില്‍ ഉപയോഗിക്കുന്നത്. പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്ന വാഹനം ഇന്ത്യയിലെത്തുമ്പോള്‍ ഏതു എന്‍ജിനായിരിക്കും ഉപയോഗിക്കുക എന്ന് വ്യക്തമല്ല.

Top