ബുക്കിങ്ങില്‍ സ്‌കോര്‍ ചെയ്ത് ടൊയോട്ട റൂമിയോണ്‍; ഇടവേളക്ക് ശേഷം സി.എന്‍.ജി. ബുക്കിങ്ങ് തുടരും

മാരുതി സുസുക്കി-ടൊയോട്ട കമ്പനികളുടെ അടുത്തകാലത്തിറങ്ങിയ വാഹനമാണ് ടൊയോട്ട റൂമിയോണ്‍ എന്ന എം.പി.വി. എര്‍ട്ടിഗയുടെ റീബാഡ്ജിങ്ങ് പതിപ്പായി എത്തിയ ഈ വാഹനത്തിന് മികച്ച വരവേല്‍പ്പാണ് വിപണിയില്‍ ലഭിച്ചത്. അതിനാല്‍ റൂമിയോണിന്റെ സി.എന്‍.ജി. പതിപ്പിന്റെ ബുക്കിങ്ങ് താത്കാലികമായി നിര്‍ത്തുകയാണെന്ന് ടൊയോട്ട അറിയിച്ചു. വാഹനത്തിനുള്ള ബുക്കിങ്ങ് ഉയര്‍ന്നതോടെ ഡെലിവറിക്ക് കാലാതാമസമുണ്ടാകുന്നത് കണക്കിലെടുത്താണ് താത്കാലികമായി ബുക്കിങ്ങ് നിര്‍ത്താന്‍ കാരണമെന്നാണ് വിലയിരുത്തലുകള്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ടൊയോട്ട റൂമിയോണ്‍ അവതരിപ്പിച്ചത്.

ടൊയോട്ട വാഹന നിരയിലെ രണ്ടാമത്തെ എം.പി.വി. മോഡലായാണ് റൂമിയോണ്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ ബുക്കിങ്ങുകള്‍ വന്നതിനെ തുടര്‍ന്നാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത് നിര്‍ത്തിയിരിക്കുന്നത്. പകരം റൂമിയോണ്‍ പെട്രോള്‍ പതിപ്പിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത് തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ബി-എം.പി.വി. സെഗ്മെന്റിലേക്കാണ് ടൊയോട്ട റൂമിയോണ്‍ എത്തിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ എം.പി.വി. ശ്രേണിയിലേക്കുള്ള ചുവടുവയ്പ്പാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ മറ്റ് ഏത് വാഹന നിര്‍മാതാക്കളെക്കാള്‍ അധികം എം.പി.വി. ശ്രേണിയില്‍ കരുത്താന്‍ സാന്നിധ്യമാണ് ടൊയോട്ട. ക്രിസ്റ്റ, ഹൈക്രോസ്, വെല്‍ഫയര്‍ എന്നീ മൂന്ന് എം.പി.വികള്‍ക്ക് പിന്നാലെയാണ് ഇതേ ശ്രേണിയില്‍ റൂമിയോണും എത്തുന്നത്.

പെട്രോള്‍, സി.എന്‍.ജി. പതിപ്പുകളിലാണ് റൂമിയോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 103 ബി.എച്ച്.പി. പവറും 136 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.എന്‍.ജി. പതിപ്പ് 88 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോ മാറ്റിക്കുമാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. പെട്രോള്‍ മാനുവല്‍ മോഡലിന് 20.11 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്ററും സി.എന്‍.ജിക്ക് 26.11 കിലോമീറ്ററുമാണ് ടൊയോട്ട ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത.

ആറ് വേരിയന്റുകളില്‍ എത്തുന്ന റൂമിയോണിന്റെ പെട്രോള്‍ മാനുവല്‍ മോഡലുകള്‍ക്ക് 10.29 ലക്ഷം രൂപ മുതല്‍ 12.18 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പിന് 11.89 ലക്ഷം രൂപ മുതല്‍ 13.68 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. അതേസമയം, ഒരു വേരിയന്റില്‍ മാത്രം എത്തുന്ന സി.എന്‍.ജി. മോഡലിന് 11.24 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഈ വാഹനം അവതരിപ്പിച്ചിരുന്നു.

Top