ടൊയോട്ടയുടെ കോംപാക്ട് എസ്‌യുവി റെയ്‌സ് ഇന്‍ഡൊനീഷ്യയിലും അവതരിപ്പിച്ചു

കോംപാക്ട് എസ്യുവി ശ്രേണിയില്‍ ടൊയോട്ടയുടെ സാന്നിധ്യമായ റെയ്‌സ് ഇന്‍ഡൊനീഷ്യയിലും അവതരിപ്പിച്ചു. ടൊയോട്ടയുടെ ഡിഎന്‍ജിഎ പ്ലാറ്റ്‌ഫോമിലാണ് നാല് മീറ്ററില്‍ താഴെയുള്ള റെയ്‌സിന്റെ നിര്‍മാണം.

3995 എംഎം നീളവും 1695 എംഎം വീതിയും 1620 എംഎം ഉയരത്തിലുമാണ് ടൊയോട്ട റെയ്‌സ് ഒരുങ്ങിയിട്ടുള്ളത്. 369 ലിറ്ററാണ് ഇതിലെ ബൂട്ട് സ്‌പേസ്.

നീളമുള്ള ഹെഡ്‌ലാമ്പ്, ഇതിന് മുകളിലായി എല്‍ഇഡി ഡിആര്‍എല്‍, വലിയ എയര്‍ഡാമും, മസ്‌കുലര്‍ ബമ്പര്‍ എന്നിവയാണ് മുന്നിലുള്ളത്. 17 ഇഞ്ച് അലോയി വീലുകളാണ് ഇതിലുള്ളത്. ഫൈബര്‍ സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിരിക്കുന്ന ടെയില്‍ ലൈറ്റുകള്‍ , ക്ലാഡിങ്ങുകളുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ തുടങ്ങിയവ പിന്‍വശത്തെ ആകര്‍ഷകമാക്കുന്നു.

ടൊയോട്ടയുടെ മറ്റ് വാഹനങ്ങളെ പോലെ പ്രീമിയം ലുക്കിലുള്ള ഇന്റീരിയറാണ് റെയ്‌സിന്റേതും. കണക്ടഡ് ഫീച്ചറുകളുള്ള ഒമ്പത് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ക്രോമിയം ബിട്ടുകള്‍ നല്‍കിയുള്ള ഡാഷ്‌ബോര്‍ഡ് എന്നിവയാണ് ഇന്റീരിയറിലുള്ളത്. 6 സ്പീഡ് മാനല്‍, സിവിടി ആയിരിക്കും ട്രാന്‍സ്മിഷന്‍.
1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക. 98 ബിഎച്ച്പി പവറും 140.2 എന്എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍. വൈകാതെ ഈ വാഹനം ഇന്ത്യയിലുമെത്തിയേക്കും.

Top