ഇന്ത്യയിൽ വില വർധനവ് നടപ്പിലാക്കി ടൊയോട്ട

ന്ത്യയിൽ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ലെജൻഡർ, കാമ്രി എന്നിവയുടെ വില വർധിപ്പിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ. മോഡലുകൾക്ക് അനുസരിച്ച് 26,000 മുതൽ 1.18 ലക്ഷം രൂപ വരെയാണ് വില കൂടിയിരിക്കുന്നത്.

പുതുക്കിയ വിലകൾ 2021 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ എത്തിയതായാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. കാമ്രി ഹൈബ്രിഡാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വില വർധനവിന് സാക്ഷ്യം വഹിച്ചിരിക്കുന്നത്.

കാമ്രിയുടെ എക്സ്ഷോറൂം വില ഇപ്പോൾ 40.59 ലക്ഷം രൂപയാണ്. അതായത് പ്രീമിയം സെഡാന് 1.18 ലക്ഷം രൂപ വില വർധനവ് ലഭിച്ചിരിക്കുന്നുവെന്ന് സാരം. പൂർണമായി ലോഡു ചെയ്ത ഒരൊറ്റ വേരിയന്റിലാണ് സെഡാൻ വിൽപ്പനയ്ക്ക് എത്തുന്നത്.

ഇലക്ട്രിക് മോട്ടോറുള്ള 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട കാമ്രിക്ക് തുടിപ്പേകുന്നത്. ഇത് പരമാവധി 178 bhp കരുത്തിൽ 221 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇലക്ട്രിക് മോട്ടോർ കൂടി പ്രവർത്തിക്കുമ്പോൾ പവർ ഔട്ട്പുട്ട് 218 bhp ആയി ഉയരും.

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന് കഴിഞ്ഞ വർഷം സമാരംഭിച്ചതിന് ശേഷം ആദ്യ വില വർധനവ് ലഭിച്ചു. എം‌പി‌വിയുടെ വില മുഴുവൻ ലൈനപ്പിലുടനീളം 26,000 രൂപയാണ് കൂട്ടിയിരിക്കുന്നത്. മോഡലിന്റെ എൻട്രി ലെവൽ പെട്രോൾ വേരിയന്റിന് 16.52 ലക്ഷം രൂപ മുതലും അടിസ്ഥാന ഡീസൽ വേരിയന്റിന് 16.90 ലക്ഷം രൂപ മുതലുമാണ് പുതിയ വില ആരംഭിക്കുന്നത്.

ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലെ രാജാവായ ഫോർച്യൂണറിന് ശ്രേണിയിലുടനീളം 36,000 രൂപയുടെ ഉയർച്ചയാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം ടോപ്പ്-എൻഡ് മോഡലായ ലെജൻഡർ പതിപ്പിന് 72,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്.

Top