ടൊയോട്ട ഒക്ടോബര്‍ ഒന്ന് മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു

toyota

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഒക്ടോബര്‍ ഒന്ന് മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. നിര്‍മ്മാണ ചെലവ് ഉയര്‍ന്നതാണ് വിലവര്‍ധനവിനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ ലക്ഷ്വറി കാറായ വെല്‍ഫയര്‍ ഒഴികെയുള്ള എല്ലാ കാറുകള്‍ക്കും വില കൂടും. രണ്ട് ശതമാനത്തിന്റെ വില വര്‍ധനവാണ് ടൊയോട്ടയുടെ വാഹനങ്ങളുടെ വിലയില്‍ ഉണ്ടാകുക. കഴിഞ്ഞ ഓഗസ്റ്റില്‍ ഏറ്റവും ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ വില ടൊയോട്ട വര്‍ധിപ്പിച്ചിരുന്നു.

ഉത്പാദന ചെലവ് വര്‍ധിച്ചത് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രധാന പാസഞ്ചര്‍ വാഹന നിര്‍മാതാക്കളെല്ലാം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നിലധികം തവണയാണ് വില വര്‍ധിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഈ മാസം ആദ്യം തെരഞ്ഞെടുത്ത മോഡലുകളുടെ വില 1.6 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് മാരുതി കാറുകളുടെ വില വര്‍ധിക്കുന്നത്. ഒക്ടോബര്‍ മുതല്‍ കാറുകളുടെ വില രണ്ടു ശതമാനം വര്‍ധിപ്പിക്കുമെന്ന് നേരത്തെ ടാറ്റാ മോട്ടോര്‍സും അറിയിച്ചിരുന്നു.

Top