വമ്പിച്ച ഓഫറുകളുമായി ടൊയോട്ട;മോഡലുകൾക്ക് 60,000 രൂപ വരെ കിഴിവ്

പുതിയ ആനുകൂല്യങ്ങളും കിഴിവുകളുമായി എത്തിയിരിക്കുകയാണ് ടൊയോട്ട. വർഷാവസാനം അടുക്കുന്നതോടെ വിൽപ്പന വർധിപ്പിക്കാനും നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനുമായി എല്ലാ വാഹന നിർമാതാക്കളും നിരവധി ഓഫറുകളുമായി എത്തുന്ന സമയം കൂടിയാണിത്. ഈ അവസരത്തിലാണ് ടൊയോട്ടയും പുത്തൻ ഓഫറുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴി മാത്രമാണ് കമ്പനി ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

പുതിയ പ്രഖ്യാപനത്തിൽ ക്യാഷ് ഡിസ്കൗണ്ട്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവയുടെ രൂപത്തിലാണ് ടൊയോട്ടയുടെ ഈ ആനുകൂല്യങ്ങൾ ലഭ്യമാവുക. ഏറ്റവും ഉയർന്ന കിഴിവുകൾ ലഭിക്കുന്നത് ബ്രാൻഡിന്റെ പ്രീമിയം സി-സെഗ്മെന്റ് സെഡാനായ യാരിസിനാണ്. യാരിസ് ഇപ്പോൾ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് ജാപ്പനീസ് ബ്രാൻഡ് ഉറപ്പാക്കുന്നത്.

അതേസമയം ടൊയോട്ടയുടെ ഏറ്റവും ഉയർന്ന വിൽപ്പന നേടുന്ന ഇന്നോവ ക്രിസ്റ്റയുടെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും ഓഫർ ലഭ്യമാണ്. അതിൽ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ബലേനോയുടെ റീബാഡ്‍‌ജ് മോഡലായ ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കിൽ കമ്പനി ഓഫറുകൾ ഒന്നും തന്നെ നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനർനിർമിത പതിപ്പായ ടൊയോട്ട അർബൻ ക്രൂയിസറിലെ കിഴിവുകൾ 20,000 രൂപ എക്സ്ചേഞ്ച് ബോണസായി പരിമിതപ്പെടുത്തിയിരിക്കുന്നു.അതോടൊപ്പം ഫോർച്യൂണർ, കാമ്രി, വെൽ‌ഫയർ എന്നീ പ്രീമിയം മോഡലുകളിലും കിഴിവുകളൊന്നും ഉപഭോക്താക്കൾക്ക് ലഭ്യമല്ല.

ഇന്നോവ ക്രിസ്റ്റയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റും കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. ടൊയോട്ടയ്ക്ക് കഴിഞ്ഞ മാസം മൊത്തം 8,500 യൂണിറ്റുകൾ രാജ്യത്ത് വിൽക്കാനും കഴിഞ്ഞിരുന്നു. ഇത് കഴിഞ്ഞ നവംബറിൽ വിറ്റ 8,312 യൂണിറ്റിനേക്കാൾ രണ്ട് ശതമാനം കൂടുതലാണെന്നത് ശ്രദ്ധേയമാണ്. പുതിയ ഇയർ എൻഡ് ഓഫറുമായി എത്തുന്നതോടെ വിൽപ്പനയിൽ അല്പം പുരോഗതിയും ടൊയോട്ട ലക്ഷ്യമിടുന്നുണ്ട്. പുതിയ ക്രിസ്റ്റയുടെ അരങ്ങേറ്റവും അതിനു സഹായകമായേക്കും.

Top