ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സൂപ്പര്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനൊരുങ്ങി ടൊയോട്ട

പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങളില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ധന ടാങ്ക് നിറയ്ക്കാനാകുമെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ മണിക്കൂറുകളെടുക്കും. യാത്രാമധ്യേ എവിടെയെങ്കിലും ചാര്‍ജിംഗ് തീര്‍ന്നാലോ, കുഴഞ്ഞതുതന്നെ. എന്നാലിപ്പോള്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പോവുകയാണ് ടൊയോട്ട. എല്ലാം ശരിയായാല്‍ വരും ദിവസങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സൂപ്പര്‍ ബാറ്ററികള്‍ കമ്പനി കൊണ്ടുവരുമെന്നും ഇതുമൂലം ഈ കാറുകളുടെ റേഞ്ച് പലമടങ്ങ് വര്‍ദ്ധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സോളിഡ് സ്റ്റേറ്റ് ബാറ്ററി ഉയര്‍ന്ന താപനിലയും ഉയര്‍ന്ന വോള്‍ട്ടേജ് ചാര്‍ജിംഗും പിന്തുണയ്ക്കും.

നിക്കല്‍ മെറ്റല്‍ ഹൈഡ്രൈഡും ലിഥിയം ഇരുമ്പ് ഫോസ്‌ഫേറ്റും ഉപയോഗിച്ചാണ് ഈ ബാറ്ററി നിര്‍മ്മിക്കുന്നത്. ഭാവിയില്‍, മിക്ക ഇലക്ട്രിക് കാറുകളും സോളിഡ് സ്റ്റേറ്റ് ബാറ്ററികളില്‍ മാത്രമായിരിക്കും വരിക. നിലവില്‍ ലിക്വിഡ് ഇലക്ട്രോലൈറ്റ് ബാറ്ററി പായ്ക്കുകള്‍ കൂടുതലും ഇലക്ട്രിക് വാഹനങ്ങളിലാണ് ഉപയോഗിക്കുന്നത്. സോളിഡ് സ്റ്റേറ്റ് ബാറ്ററി മൊഡ്യൂളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് ടൊയോട്ട പറയുന്നു. 2028 ഓടെ ഈ ബാറ്ററി വിപണിയിലെത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വെറും 10 മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജാകും എന്നതാണ് ഈ ബാറ്ററിയുടെ ഏറ്റവും വലിയ പ്രത്യേകത. പുതിയ ബാറ്ററിക്ക് പുറമെ ബാറ്ററിയുടെ വലിപ്പം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ട.

കുറഞ്ഞ ശ്രേണിയിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ പ്രശ്നം ടൊയോട്ടയ്ക്ക് ഉടന്‍ പരിഹരിക്കാനാകും. 1,000 കിലോമീറ്റര്‍ വരെ വൈദ്യുത വാഹനങ്ങളുടെ റേഞ്ച് നല്‍കാന്‍ കഴിയുന്ന ബാറ്ററിയാണ് കമ്പനി നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ വിപണിയില്‍ ലഭ്യമായ എല്ലാ ഇലക്ട്രിക് കാറുകളിലും ഏറ്റവും ഉയര്‍ന്ന ശ്രേണിയുള്ളത് മെഴ്സിഡസ് ഇക്യുഎസിനാണ്. ഒരിക്കല്‍ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 727 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ കാറിന് കഴിയും. ടൊയോട്ടയുടെ പുതിയ ബാറ്ററി വന്നാല്‍, ഈ ബാറ്ററി ഘടിപ്പിക്കുന്ന ഏതൊരു കാറിന്റെയും ശ്രേണി ഗണ്യമായി വര്‍ദ്ധിക്കും.

Top