നിരത്തില്‍ മാത്രമല്ല ജീവിതത്തിലും കൈത്താങ്ങായി ടൊയോട്ട; ടിടിടിഐ പ്രോഗ്രാമുകള്‍ വിജയത്തിലേക്ക്

ഗ്രാമപ്രദേശങ്ങളിലെ കുട്ടികളെ വിവിധ തരത്തിലുള്ള പരിശീലനങ്ങളിലൂടെ വാഹന വ്യവസായ മേഖലയുടെ ഭാഗമാക്കാനുള്ള ടൊയോട്ടയുടെ ചുവടുവെപ്പാണ് ടിടിടിഐ. ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ഇന്ത്യന്‍ പ്ലാന്റിലാണ് ഈ വേറിട്ട പരിശീലനം. കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവില്‍ നിന്നും ഏകദേശം 35 കിലോമീറ്റര്‍ അകലെ ബിഡദി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ്, ടൊയോട്ട ടെക്‌നിക്കല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടിടിടിഐ) പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ഗ്രാമീണ കുട്ടികളുടെ നൈപുണ്യ വികസനത്തിനാണ് ടിടിടിഐ പ്രവര്‍ത്തിക്കുന്നത്.

18-നും 20-നും ഇടയില്‍ പ്രായമുള്ള ഗ്രാമീണരായ ആണ്‍കുട്ടികളെ വിവിധ തരത്തിലുള്ള പരിശീലനങ്ങളിലൂടെ വാഹന വ്യവസായ മേഖലയുടെ ഭാഗമാക്കാനുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. ഇനി മുതല്‍ ടിടിടിഐയില്‍ പെണ്‍കുട്ടികളെയും സ്വീകരിക്കും. പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മ്മിക്കുകയാണെന്നും കമ്പനി പറയുന്നു. ചുരുക്കത്തില്‍ ടൊയോട്ട കാറുകള്‍ നിര്‍മ്മിക്കുക മാത്രമല്ല ചെയ്യുനന്ത് കാറുകള്‍ നിര്‍മ്മിക്കുന്നവരെയും ഉണ്ടാക്കുന്നു എന്നര്‍ത്ഥം.

ടിടിടിഐല്‍ 2007 മുതല്‍ ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്കായി നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനായി കര്‍ണാടകയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെയാണ് കമ്പനി തിരഞ്ഞെടുക്കുന്നത്. സാധാരണഗതിയില്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള, അധഃസ്ഥിത കുടുംബങ്ങളില്‍ നിന്നാണ് അവര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഇവര്‍ പത്താം ക്ലാസ് പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. പ്രത്യേകിച്ച് കണക്കിലും ശാസ്ത്രത്തിലും മിടുക്കരായിരിക്കണം.

ടിടിടിഐ കോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ജൂലൈ 15-ന് 15 മുതല്‍ 17 വയസ് വരെ പൂര്‍ത്തിയായിരിക്കണം. ഈ കുട്ടികള്‍ പത്താം ക്ലാസ് ഒറ്റത്തവണകൊണ്ട് വിജയിച്ചിരിക്കണം. അന്തിമ പ്രവേശനത്തിന്, അവര്‍ ഒരു എഴുത്ത് പരീക്ഷ പാസാകണം. ആറ് വ്യത്യസ്ത പരീക്ഷകളില്‍ വിജയിക്കുകയും വേണം. എഴുത്തുപരീക്ഷ, നൈപുണ്യ പരിശോധന, ശാരീരികക്ഷമതാ പരിശോധന, മൂല്യനിര്‍ണയം, വ്യക്തിഗത അഭിമുഖം, മെഡിക്കല്‍ ടെസ്റ്റ്, ഹാജര്‍ പരിശോധന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ കുട്ടികളെ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയ്ക്ക് ആവശ്യമായ പല സൂക്ഷ്മമായ കാര്യങ്ങളും പഠിപ്പിക്കുന്നു. പരിശീലനം തീവ്രമാണ്. ആറ് മാസം വീതമുള്ള രണ്ട് സെമസ്റ്ററുകള്‍ ഉണ്ട്. കമ്പനി ഈ കുട്ടികളെ തിരഞ്ഞെടുത്ത് രണ്ട് വ്യത്യസ്ത പ്രോഗ്രാമുകളിലേക്ക് അയയ്ക്കുന്നു. ഇതില്‍ ആദ്യത്തേത് റെഗുലര്‍ കോഴ്‌സും രണ്ടാമത്തേത് കൗശല്യയുമാണ്. 64 കുട്ടികളാണ് റഗുലര്‍ കോഴ്സില്‍ ഉള്‍പ്പെടുന്നത്. മൂന്ന് വര്‍ഷത്തെ കോഴ്‌സാണിത്. ഇതില്‍ കുട്ടികള്‍ക്ക് ആറ് സെമസ്റ്ററുകള്‍ നല്‍കുന്നു. അതേസമയം കൗശല്യ പ്രോഗ്രാമില്‍ 200 കുട്ടികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കോഴ്‌സ് രണ്ട് വര്‍ഷമാണ്.

ഓരോ സെമസ്റ്ററിലും വിദ്യാര്‍ത്ഥികള്‍ക്ക് ഒരാഴ്ച വീട്ടിലേക്ക് പോകാന്‍ അനുവാദമുണ്ട്. മൂന്ന് വര്‍ഷത്തേക്ക് ബോര്‍ഡിംഗും താമസവും സൗജന്യമായതിനാല്‍, യോഗ്യരായവര്‍ മാത്രം പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പശ്ചാത്തല പരിശോധന പോലുള്ള നടപടികളുണ്ട്. അവര്‍ മൂന്ന് വര്‍ഷത്തിനിടെ സാധാരണ ഐടിഐ പാഠ്യപദ്ധതിയും കൂടാതെ ജപ്പാനില്‍ നിന്നുള്ള ചില മികച്ച പരിശീലനങ്ങളും പഠിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി എന്നിവയും പഠിക്കുകയും അവരുടെ പ്രാദേശിക ഭാഷയില്‍ മികച്ചവരാകാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഈ കുട്ടികളുടെ ആശയവിനിമയ കഴിവുകളും ശക്തിപ്പെടുത്തുന്നു. അവരെ ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും പഠിപ്പിക്കുന്നു. നൂറുകണക്കിന് ആളുകളുടെ മുന്നില്‍ സ്റ്റേജില്‍ കയറ്റി നിര്‍ത്തിയാണ് ഓരോരുത്തരെയും ആശയവിനിമയം നടത്താന്‍ പഠിപ്പിക്കുന്നത്. ചില വ്യായാമങ്ങള്‍ ദിവസവും ചെയ്യുന്നതിനാല്‍ അവര്‍ പകല്‍ സമയത്ത് ഉത്സാഹികളായിരിക്കും. ഈ വിദ്യാര്‍ത്ഥികള്‍ ഫീസൊന്നും നല്‍കേണ്ടതില്ല. ഈ രണ്ട് പ്രോഗ്രാമുകളിലേക്കും തെരെഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കും. ടിടിടിഐക്കുള്ള ഫണ്ട് ടികെഎമ്മില്‍ നിന്നാണ് വരുന്നത്.

പരിശീലനത്തിന്റെ അവസാനം, വിദ്യാര്‍ത്ഥികള്‍ ദേശീയ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നേടുന്നു, അത് സര്‍ക്കാര്‍ ജോലികള്‍ക്കായി അംഗീകരിക്കുകയും ആഗോളതലത്തില്‍ വിലമതിക്കുകയും ചെയ്യുന്നു. കൂടാതെ, അവര്‍ ഒരു ടൊയോട്ട സര്‍ട്ടിഫിക്കറ്റും ജപ്പാന്‍-ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനുഫാക്ചറിംഗ് (JIM) സര്‍ട്ടിഫിക്കറ്റും നേടുന്നു. ടൊയോട്ടയുടെ ജപ്പാന്‍ പ്ലാന്റുകളിലും ഈ എക്‌സൈസുകള്‍ നടക്കുന്നുണ്ട്.

ഈ കുട്ടികള്‍ അവരുടെ രണ്ട് വര്‍ഷത്തെ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, അവരുടെ കഴിവുകള്‍ക്കനുസരിച്ച് കമ്പനി അവര്‍ക്ക് ജോലിയും നല്‍കുന്നു. തുടക്കത്തില്‍ ഈ കുട്ടികള്‍ക്ക് 14000 രൂപ മുതല്‍ 15,000 രൂപ വരെ ശമ്പളത്തോടെയുള്ള ജോലിയാണ് വാഗ്ദാനം ചെയ്യുന്നത്. ടൊയോട്ടയില്‍ ജോലി ലഭിക്കാത്ത കുട്ടികള്‍ക്ക് മറ്റ് കമ്പനികളില്‍ ജോലി നേടിക്കൊടുക്കുന്നു. അതേസമയം, ചില കുട്ടികള്‍ക്ക് രാജ്യത്തിന് പുറത്തുള്ള കമ്പനികള്‍ ജോലി വാഗ്ദാനം ചെയ്യുന്നു. വര്‍ഷങ്ങളായി, ഏകദേശം പകുതി വിദ്യാര്‍ത്ഥികള്‍ ടൊയോട്ടയില്‍ തന്നെ തുടരുകയും മറ്റുള്ളവര്‍ കമ്പനിയുടെ വിതരണക്കാര്‍ക്കും മറ്റ് നിര്‍മ്മാതാക്കളുടെയുമൊപ്പം ചേരുന്നുവെന്നും ടൊയോട്ട പറയുന്നു.

അടുത്തിടെ ബിദാദിയിലെ ടൊയോട്ട ടെക്നിക്കല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ടിടിടിഐ) 14-ാമത് കോണ്‍വൊക്കേഷനില്‍ 103 വിദ്യാര്‍ത്ഥികള്‍ പാസായി പുറത്തിറങ്ങിയിരുന്നു. 2007-ല്‍ ആരംഭിച്ചതിന് ശേഷം ടിടിടിഐ കര്‍ണാടകയില്‍ നിന്നും ഏകദേശം 950 സ്‌കൂള്‍ കുട്ടികളെ തിരഞ്ഞെടുത്ത് കാറുകളും പാര്‍ട്‌സുകളും നിര്‍മ്മിക്കുന്നതില്‍ അവരെ പരിശീലിപ്പിച്ച് വ്യവസായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ടൊയോട്ട പറയുന്നു. ഈ വര്‍ഷത്തെ പാസിംഗ് ഔട്ട് ബാച്ചില്‍ 62 ടിടിടിഐ റഗുലര്‍ വിദ്യാര്‍ത്ഥികളും 41 ടൊയോട്ട കൗശല്യ വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കമ്പനി പറയുന്നു. വരും ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 500 ആക്കി ഉയര്‍ത്താനും കമ്പനി ഒരുങ്ങുകയാണ്.

Top