ഓട്ടോ എക്‌സ്‌പോയിൽ ലാന്‍ഡ് ക്രൂസറിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ച് ടൊയോട്ട; വില 2.17 കോടി

ട്ടോ എക്‌സ്‌പോ 2023ല്‍ പുതിയ ലാന്‍ഡ് ക്രൂസറിന്റെ വില പുറത്തുവിട്ട് ടൊയോട്ട. 14 വര്‍ഷത്തിന് ശേഷമാണ് പുതിയ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 എസ്.യു.വിക്ക് 2.17 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ഡീസല്‍ എഞ്ചിനില്‍ മാത്രം ലഭ്യമാകുന്നത്. റേഞ്ച് റോവറിനും ലെക്‌സസ് എല്‍എക്‌സിനും എതിരാളിയായാണ് ലാന്‍ഡ് ക്രൂസര്‍ 300ന്റെ വരവ്. ഇതിന് പുറമേ ഇന്നോവ ഹൈക്രോസ് എം.പി.വിയുടെ ലോവര്‍, മിഡ് വേരിയന്റുകളും ടൊയോട്ട ഓട്ടോ എക്‌സ്‌പോ 2023ല്‍ പ്രദര്‍ശിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ പത്ത് ലക്ഷം രൂപക്ക് ലാന്‍ഡ് ക്രൂസര്‍ 300ന്റെ ബുക്കിങ് ടൊയോട്ട ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബുക്കിങ് ടൊയോട്ട നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ഡീലര്‍മാര്‍ അറിയിക്കുന്നത്. കമ്പനി ഇറക്കാനിരുന്ന ആദ്യ ബാച്ച് ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 എല്ലാത്തിന്റേയും ബുക്കിങ് നടന്നുവെന്നാണ് ലഭിക്കുന്ന സൂചന.

നിലവിലെ ലാന്‍ഡ് ക്രൂസര്‍ 200നേക്കാള്‍ മുന്‍ ഭാഗത്തെ ഗ്രില്ലിലും വീല്‍ ആര്‍ക്കുകളിലുമൊക്കെയുള്ള മാറ്റങ്ങള്‍ മാത്രമേ പുറം ഭാഗത്ത് ലാന്‍ഡ് ക്രൂസര്‍ 300ന് കമ്പനി വരുത്തിയിട്ടുള്ളൂ. എന്നാല്‍ ഉള്ളില്‍ ലാന്‍ഡ് ക്രൂസര്‍ അടി മുടി മാറിയിട്ടുണ്ട്. ഡാഷ്‌ബോര്‍ഡില്‍ അടക്കം പുതിയ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. ഹെഡ് അപ്പ് ഡിസ്‌പ്ലേ, പ്രീമിയം സൗണ്ട് സിസ്റ്റം, ഫിംഗര്‍പ്രിന്റ് ഓതെന്റിക്കേഷന്‍ സിസ്റ്റം എന്നിവയെല്ലാം ഉള്ളിലെ ഫീച്ചറുകളില്‍ ചിലതാണ്. ലാന്‍ഡ് ക്രൂസറിന്റെ പ്രധാന സവിശേഷതകളിലൊന്നായ ബോഡി ഓണ്‍ ഫ്രെയിം സ്ട്രക്ചറില്‍ തന്നെയാണ് പുതിയ മോഡലും വരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ലാന്‍ഡ് ക്രൂസര്‍ 300 പെട്രോള്‍ എഞ്ചിനിലും ലഭ്യമാണെങ്കിലും ഇന്ത്യയില്‍ 3.3 ലിറ്റര്‍ ടര്‍ബോ വി 6 ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് ഇറക്കിയിട്ടുള്ളത്.

18.30 ലക്ഷം മുതല്‍ 28.97 ലക്ഷം വരെ വിലയില്‍ ഇന്നോവ ഹൈക്രോസ് അടുത്തിടെയാണ് ടൊയോട്ട പുറത്തിറക്കിയത്. ഇന്നോവ ഹൈക്രോസിന്റെ ലോവര്‍ വേരിയന്റുകള്‍ ആദ്യമായാണ് ടൊയോട്ട പ്രദര്‍ശിപ്പിച്ചത്. ഇന്ധനക്ഷമതയുടേയും സുരക്ഷയുടേയും കാര്യത്തില്‍ ഹൈക്രോസ് കയ്യടി നേടിയിരുന്നു. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ള ഹൈക്രോസിന് ലിറ്ററിന് 23.24 കിലോമീറ്ററാണ് കമ്പനി പറയുന്ന ഇന്ധനക്ഷമത. ടൊയോട്ട സേഫ്റ്റി സെന്‍സ് 3.0(അഡാസ്) സുരക്ഷയാണ് ഹൈക്രോസിലുള്ളത്. എയര്‍ ബാഗ്, എ.ബി.എസ് ഇ.ബി.ഡി, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് ഡിസ്‌ക് ബ്രേക്ക് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമേ ലൈന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങി ആധുനിക സൗകര്യങ്ങളും ഹൈക്രോസിലുണ്ട്.

Top