ന്യൂ ഫോര്‍ച്യൂണര്‍ ടിആര്‍ഡി സെലിബ്രിറ്റി എഡിഷനുമായി ടൊയോട്ട

കൊച്ചി: ടൊയോട്ടയുടെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും സ്‌റ്റൈലിഷ് എസ്.യു.വിയായ ന്യൂ ഫോര്‍ച്യൂണര്‍ ടിആര്‍ഡി സെലിബ്രിറ്റി എഡിഷന്‍ വിപണിയിലെത്തി. 33,85,000 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില. ഫോര്‍ച്യൂണറിന്റെ ഇന്ത്യയിലെ ഒരു ദശാബ്ദക്കാലത്തെ മഹത്തായ യാത്ര പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് ടൊയോട്ട ന്യൂ ഫോര്‍ച്യൂണര്‍ ടിആര്‍ഡി സെലിബ്രിറ്റി എഡിഷന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

2019ലാണ് ഫോര്‍ച്യൂണര്‍ ആദ്യമായി വിപണിയിലെത്തുന്നത്. അന്ന് മുതല്‍ മാര്‍ക്കറ്റ് ലീഡറായ ഫോര്‍ച്യൂണര്‍ 1, 60,000യൂണിറ്റ് വാഹനങ്ങളാണ് ഇതുവരെ വിറ്റഴിഞ്ഞത്. ഇതിലൂടെ സെഗ്മെന്റിലെ 60ശതമാനം വിപണി വിഹിതവും ഫോര്‍ച്യൂണര്‍ നേടി. ഈ വിഭാഗത്തിലെ മികച്ച സുരക്ഷാ സവിശേഷതകളും ഓണ്‍-റോഡ് വൈദഗ്ധ്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ ഡ്യുവല്‍ ടോണ്‍ രൂപവും സ്‌റ്റൈലിഷ് ഇന്റീരിയറുകളും ഉപയോഗിച്ച് ട്രെന്‍ഡിയായി മാറിയിട്ടുണ്ട് പുതിയ ഫോര്‍ച്യൂണര്‍.

ഏറ്റവും സ്‌റ്റൈലിഷായ രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന മുന്‍വശത്തെയും പിന്‍ വശത്തേയും ബമ്പര്‍ സ്‌പോയ്‌ലര്‍, മനോഹരമായ ടിആര്‍ഡി റേഡിയേറ്റര്‍ ഗ്രില്‍, ഡ്യൂവല്‍ ടോണ്‍ റൂഫ്, ആര്‍ 18 ചാര്‍ക്കോള്‍ ബ്ലാക്ക് അലോയ് വീലുകള്‍, റെഡ് തുന്നലോടുകൂടിയ സ്പോട്ടി ബ്ലാക്ക്, മെറൂണ്‍ ലെതര്‍ സീറ്റുകള്‍, ഫോര്‍ച്യൂണറിന്റെ ’10 ഇയേഴ്‌സ് ലീഡേഴ്സ്ഷിപ്പ് എംബ്ലം’, ‘റെഡ് ടിആര്‍ഡി എംബ്ലം’ എന്നിവ പുതിയ ടിആര്‍ഡി ഫോര്‍ച്യൂണറിനെ അത്യാകര്‍ഷകമാക്കുന്നു. 2.8 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ ഫോര്‍ച്യൂണറിന്റെ കരുത്ത്. സീക്വന്‍ഷല്‍ പാഡില്‍ ഷിഫ്‌റ്റോടു കൂടിയ 6സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വെഹിക്കിള്‍ സ്റ്റെബിലിറ്റി കോണ്‍ട്രോളോടുകൂടിയ ബ്രേക്ക് അസ്സിസ്റ്റന്‍സ്, 7 എസ്.ആര്‍.എസ് എയര്‍ ബാഗുകള്‍, പെഡസ്ട്രിന്‍ പ്രൊട്ടക്ഷന്‍ സപ്പോര്‍ട്ടോടു കൂടിയ ഇമ്പാക് അബ്സോര്‍ബിന്‍ സ്ട്രക്ച്ചര്‍, ഇബിഡി എബിഎസ് സംവിധാനങ്ങള്‍, എമര്‍ജന്‍സി അണ്‍ലോക്കോടുകൂടിയ സ്പീഡ് ഓട്ടോ ലോക്ക്, എമര്‍ജന്‍സി ബ്രേക്ക് സിഗ്‌നല്‍ എന്നിവയും സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഏറ്റവും ആകര്‍ഷകമായ എക്സ്സ്റ്റീരിയര്‍, ഇന്റീരിയര്‍ ലുക്ക്, മറ്റ് ആഡംബര സംവിധാനങ്ങള്‍, ഏറ്റവും മികച്ച ഇന്‌ഫോടെയ്‌ന്മെന്റ് സംവിധാനങ്ങള്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

Top