Toyota To Increase Prices in india from january

പുതുവര്‍ഷത്തില്‍ വാഹന വില വര്‍ധിപ്പിക്കുമെന്നു ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍(ടി കെ എം). ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തോടെ വാഹന വിലയില്‍ മൂന്നു ശതമാനം വരെ വര്‍ധന നിലവില്‍ വരുമെന്നാണു കമ്പനിയുടെ പ്രഖ്യാപനം.

പതിവു പോലെ ഉല്‍പ്പാദന ചെലവ് ഉയര്‍ന്നതും വിനിമയ നിരക്കില്‍ യെന്നിനു തുടര്‍ച്ചയായി മൂല്യമേറിയതുമൊക്കെയാണു വില വര്‍ധനയ്ക്കു കമ്പനി നിരത്തുന്ന ന്യായീകരണങ്ങള്‍.

അസംസ്‌കൃത വസ്തുക്കളായ ഉരുക്ക്, അലൂമിനിയം , ചെമ്പ്, റബര്‍ തുടങ്ങിയവയ്‌ക്കൊക്കെ കഴിഞ്ഞ ആറു മാസമായി ഗണ്യമായ വില വര്‍ധന നേരിട്ടിട്ടുണ്ടെന്നു ടി കെ എം ഡയറക്ടറും സീനിയര്‍ വൈസ് പ്രസിഡന്റു(മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്)മായ എന്‍ രാജ വിശദീകരിച്ചു.

ഇതോടെ വാഹനങ്ങളുടെ ഉല്‍പ്പാദന ചെലവ് കുത്തനെ ഉയര്‍ന്നതു കമ്പനി സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. വിനിമയ നിരക്കില്‍ യെന്‍ കരുത്താര്‍ജിച്ചതോടെ ജപ്പാനില്‍ നിന്നുള്ള യന്ത്രഘടക ഇറക്കുമതിക്കു ചെലവേറിയതായി രാജ വെളിപ്പെടുത്തി. വാഹനങ്ങളുടെ ഉല്‍പ്പാദന ചെലവ് നിരന്തരം നിരീക്ഷിച്ചാണു കമ്പനി വില്‍പ്പന വില സംബന്ധിച്ചു തീരുമാനത്തിലെത്തുന്നത്.

വില വര്‍ധന ഒഴിവാക്കാനായി ഉയര്‍ന്ന ഉല്‍പ്പാദനചെലവ് സൃഷ്ടിച്ച അധിക ബാധ്യത കമ്പനി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ വര്‍ധന ക്രമാതീതമായതോടെ അധിക ബാധ്യത ഉപയോക്താക്കള്‍ക്കു കൈമാറാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നെന്നും രാജ അറിയിച്ചു.

കൂടാതെ വര്‍ഷാവസാനം പ്രമാണിച്ചു ‘റിമംബര്‍ ഡിസംബര്‍’ പ്രചാരണ പദ്ധതിക്കും ടി കെ എം തുടക്കമിട്ടിട്ടുണ്ട്. വാഹന വിലയുടെ 100% വായ്പ, പ്രതിമാസത്തവണ(ഇ എം ഐ)കള്‍ക്ക് 2017 മാര്‍ച്ച് വരെ അവധി തുടങ്ങിയവയൊക്കെയാണു പദ്ധതിയുടെ സവിശേഷതകള്‍.

22,999 രൂപ ഇ എം ഐ അടച്ചു ടൊയോട്ട ‘ഇന്നോവ ക്രിസ്റ്റ’യുടെ ചില വകഭേദങ്ങള്‍ സ്വന്തമാക്കാനും പദ്ധതി പ്രകാരം അവസരമുണ്ട്. വര്‍ഷാന്ത്യത്തില്‍ വില്‍പ്പന മെച്ചപ്പെടുത്തുന്നതിനു പുറമെ മൂല്യമേറിയ നോട്ടുകള്‍ പിന്‍വലിച്ചതു സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കൂടി ലക്ഷ്യമിട്ടാണു ‘റിമംബര്‍ ഡിസംബര്‍’ പദ്ധതി ആവിഷ്‌കരിച്ചതെന്നു രാജ വിശദീകരിച്ചു.

പണമിടപാട് പൂര്‍ണമായും ഒഴിവാക്കി ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ മാര്‍ഗങ്ങളിലൂടെ ടൊയോട്ടയുടെ വിവിധ മോഡലുകള്‍ സ്വന്തമാക്കാനും കമ്പനി അവസരമൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Top