ടൊയോട്ട ഹയാസ് മാറുന്നു; ആറാം തലമുറ മോഡല്‍ ഇനി ടൊയോട്ട കമ്മ്യൂട്ടര്‍ എന്ന് അറിയപ്പെടും

ടൊയോട്ടയുടെ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളില്‍ ഏറെ പ്രചാരം ലഭിച്ച ഹയാസിന്റെ രൂപവും നാമവും മാറുന്നു. ഹായാസിന്റെ ആറാം തലമുറ മോഡല്‍ ഇനി ടൊയോട്ട കമ്മ്യൂട്ടര്‍ എന്ന് അറിയപ്പെടും. വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത് ബാങ്കോക്ക് മോട്ടോര്‍ ഷോയിലാണ്.

മുന്‍ തലമുറ വാഹനത്തെക്കാള്‍, 535 എംഎം നീളവും 70 എംഎം വീതിയും 5 എംഎം ഉയരവുമാണ് കമ്മ്യൂട്ടറിനുളളത്. മുന്‍ഭാഗത്ത് ക്രോമിയം ഡിസൈനിങ് നല്‍കി കമ്മ്യൂട്ടറിനെ കൂടുതല്‍ സ്‌റ്റൈലിഷാക്കിയാണ് നിര്‍മ്മിതി. വിന്‍ഡോ ഗ്ലാസുകളും ഫ്രണ്ട് ബമ്പറും ഗ്രില്ലും വാഹനത്തിന് ഏറെ പുതുമ നല്‍കുന്നതാണ്.

കമ്മ്യൂട്ടറിന്റെ ഇന്റീരിയറിലും ഏറെ പുതുമകള്‍ നല്‍കിയിട്ടുണ്ട് ഡ്രൈവര്‍ക്കായി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്, ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ യുഎസ്ബി പോര്‍ട്ട്, എല്‍ഇഡി റീഡിങ് ലൈറ്റ്, ടച്ച്സ്‌ക്രീന്‍ സിസ്റ്റം എന്നിവയാണ് ആറാം തലമുറ വാഹനത്തിന്റെ പ്രേത്യേകത.

എല്‍ഇഡി റൂഫ് ലൈറ്റിങ്, ഓട്ടോമാറ്റിക് സെന്റര്‍ ഡോര്‍, സ്മാര്‍ട്ട് എന്‍ട്രി ആന്‍ഡ് പുഷ് സ്റ്റാര്‍ട്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ആഡംബര സൗകര്യങ്ങളും വാഹനത്തിലുണ്ട്. 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് കമ്മ്യൂട്ടര്‍ നിരത്തിലെത്തുക. കൂടാതെ മാനുവല്‍-ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സംവിധാനത്തോടെയും വാഹനം ലഭിക്കും.

Top