ടൊയോട്ട ഗ്ലാൻസ ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പ് ഇന്ത്യയിലവതരിപ്പിച്ചു

ടൊയോട്ട ഒടുവിൽ ഗ്ലാൻസ ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ടൊയോട്ട ഗ്ലാൻസ സിഎൻജി എസ്, ജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. യഥാക്രമം 8.43 ലക്ഷം രൂപ, 9.46 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ ദില്ലി എക്സ്-ഷോറൂം വില. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ ഗ്ലാൻസ സിഎൻജി ഓൺലൈന്‍ വഴിയോ അംഗീകൃത ടൊയോട്ട ഡീലർഷിപ്പിലോ 11,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം. ടൊയോട്ടയിൽ നിന്ന് ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റുമായി വരുന്ന ആദ്യ മോഡലാണ് ഗ്ലാൻസ.

ടൊയോട്ട ഗ്ലാൻസ പെട്രോൾ E, S, G, V എന്നിങ്ങനെ നാല് വകഭേദങ്ങളിൽ ലഭ്യമാണ്. ഈ പെട്രോൾ പതിപ്പുകളെ അപേക്ഷിച്ച് ഗ്ലാൻസ സിഎൻജിയുടെ വില 95,000 രൂപ കൂടുതലാണ്. ടൊയോട്ടയുടെ പുതുതായി പുറത്തിറക്കിയ അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവിക്ക് ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റും ലഭിക്കുമെന്ന് സ്ഥിരീകരിച്ചു. ഇത് എർട്ടിഗ സിഎൻജിയുമായി പവർട്രെയിൻ പങ്കിടാൻ സാധ്യതയുണ്ട്.

സ്റ്റാൻഡേർഡ് ഗ്ലാൻസയ്ക്കും മാരുതി സുസുക്കി ബലേനോയ്ക്കും കരുത്ത് പകരുന്ന അതേ 1.2-ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട ഗ്ലാൻസ സിഎൻജിക്ക് കരുത്തേകുന്നത് . പെട്രോൾ മാത്രമുള്ള മോഡിൽ എഞ്ചിൻ 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. സിഎൻജി മോഡിൽ, പവറും ടോർക്കും യഥാക്രമം 77 ബിഎച്ച്പി, 98.5 എൻഎം എന്നിങ്ങനെ കുറയുന്നു. ബലേനോ സിഎൻജിയുടെ അതേ പവർട്രെയിൻ തന്നെയാണിത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ഇത് ലഭ്യമാകൂ. ഇത് 30.61km/kg എന്ന സർട്ടിഫൈഡ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നു.

Top