ടൊയോട്ട ഫോര്‍ച്യൂണര്‍ ജിആര്‍ സ്‌പോര്‍ട്ട് എത്തി

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ സ്പോര്‍ട്ടി ലുക്കിലുള്ള കാറുകള്‍ ടിആര്‍ഡി സ്പോര്‍ട്ടീവോ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഫോര്‍ച്യൂണറിന്റെ ടിആര്‍ഡി സ്പോര്‍ട്ടീവോ പതിപ്പ് ഇന്ത്യയിലും ലഭ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മലേഷ്യയില്‍ അവതരിപ്പിച്ച പുതിയ തലമുറ ഫോര്‍ച്യൂണറിന്റെ സ്പോര്‍ട്ടി പതിപ്പിന്റെ പേര് ജിആര്‍ സ്‌പോര്‍ട്ട് എന്നാണ്. ടിആര്‍ഡി സ്പോര്‍ട്ടീവോ പതിപ്പിന് സമാനമായി സ്പോര്‍ട്ടി എക്സ്റ്റീരിയര്‍ ഇന്റീരിയര്‍ ഘടകങ്ങളാണ് ഫോര്‍ച്യൂണര്‍ ജിആര്‍ സ്‌പോര്‍ട്ട് പതിപ്പിന്റെ ആകര്‍ഷണം.

മലേഷ്യയില്‍ ടൊയോട്ട വില്‍ക്കുന്ന നിരവധി വാഹനങ്ങളുടെ ജിആര്‍ സ്‌പോര്‍ട്ട് പതിപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ടിആര്‍ഡി സ്പോര്‍ട്ടീവോ പതിപ്പുകളുടെ പകരക്കാരായാണ് ജിആര്‍ സ്‌പോര്‍ട്ട് പതിപ്പുകള്‍ വിപണിയിലെത്തുന്നത്. ടൊയോട്ട റേസിംഗ് ഡെവലപ്മെന്റ് എന്ന ടിആര്‍ഡി ഡിവിഷന്റെ പ്രവര്‍ത്തനം ചുരുക്കി ഇനി ഗസൂ റേസിംഗ് (ജിആര്‍) എന്ന വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പ് ടീമിലേക്ക് പ്രവര്‍ത്തനം ഏകീകരിക്കാനാണ് ടൊയോട്ടയുടെ പ്ലാന്‍. ഈ പ്ലാനിന്റെ ഭാഗമായാണ് ടിആര്‍ഡി പതിപ്പുകള്‍ ജിആര്‍ സ്‌പോര്‍ട്ട് പതിപ്പുകള്‍ക്ക് വഴിമാറുന്നത്.

ടൊയോട്ട ഇതുവരെ അവതരിപ്പിച്ച ജിആര്‍ സ്‌പോര്‍ട്ട് പതിപ്പുകളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനിടയുള്ള ഏക മോഡല്‍ ഫോര്‍ച്യൂണര്‍ ജിആര്‍ സ്‌പോര്‍ട്ട് ആണ്. നിലവില്‍ വിപണിയിലുള്ള ഫോര്‍ച്യൂണറിനേക്കാള്‍ സ്‌പോര്‍ട്ടിയായ മുന്‍, പിന്‍ ബമ്പറുകള്‍, പരിഷ്‌കരിച്ച ഗ്രില്‍, ഡിസൈനില്‍ ചെറിയ രീതിയില്‍ മാറ്റം വരുത്തിയ ഹെഡ്‌ലാംപ്, 18-ഇഞ്ച് ഡ്യുവല്‍ ടോണ്‍ വ്യത്യസ്തമായ ഡിസൈനുള്ള അലോയ് വീലുകള്‍ എന്നിവയാണ് ഫോര്‍ച്യൂണര്‍ ജിആര്‍ സ്‌പോര്‍ട്ടിന്റെ ആകര്‍ഷണം. എസ്യുവിയുടെ മുന്‍പിലെയും പുറകിലെയും ക്രോം ഭാഗങ്ങള്‍ കറുപ്പില്‍ പൊതിഞ്ഞാണ് സ്പോര്‍ട്ടി ലുക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഒപ്പം GR ബ്രാന്‍ഡിംഗ് ഗ്രില്ലില്‍ ചേര്‍ത്തിട്ടുണ്ട്.

ആംബിയന്റ് ലൈറ്റിംഗുള്ള റിയര്‍ എന്റര്‍ടൈന്‍മെന്റ് പാക്കേജ് മാറ്റി നിര്‍ത്തിയാല്‍ ക്യാബിന്‍ സാധാരണ മോഡലിന് സമാനമാണ്. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പവര്‍ഡ് ടെയില്‍ ഗേറ്റിനുള്ള കിക്ക് സെന്‍സര്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോ-ഡിമ്മിംഗ് IRVM എന്നിവയാണ് ഇന്റീരിയറിലെ ആകര്‍ഷണം.

150 പിഎസ് പവര്‍ നിര്‍മിക്കുന്ന 2.4 ലിറ്റര്‍ ഡീസല്‍, 163 പിഎസ് പവര്‍ നിര്‍മ്മിക്കുന്ന 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളില്‍ ഫോര്‍ച്യൂണര്‍ ജിആര്‍ സ്‌പോര്‍ട്ട് മലേഷ്യന്‍ വിപണിയില്‍ ലഭ്യമാണ്. നിലവില്‍ സ്പോര്‍ട്ടി ലുക്കില്‍ ഫോര്‍ച്യൂണറിന്റെ ലെജന്‍ഡര്‍ പതിപ്പാണ് ടൊയോട്ട ഇന്ത്യയില്‍ വില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഉടന്‍ ഫോര്‍ച്യൂണര്‍ ജിആര്‍ സ്‌പോര്‍ട്ട് പതിപ്പ് ഇന്ത്യയില്‍ പ്രതീക്ഷിക്കേണ്ടതില്ല.

 

Top