പോര്‍ച്ചുഗലിലെ ഫന്റാസ്‌പോര്‍ട്ടോ ചലച്ചിത്രമേളയുടെ എഡിഷനില്‍ മികച്ച നടനായി ടോവിനോ തോമസ്

പോര്‍ച്ചുഗലിലെ 44-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫന്റാസ്‌പോര്‍ട്ടോ ചലച്ചിത്രമേളയുടെ എഡിഷനില്‍ മികച്ച നടനായി ടോവിനോ തോമസ്. ഡോ.ബിജു സംവിധാനംചെയ്ത അദൃശ്യജാലകങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിലും ഏഷ്യന്‍ ചിത്രങ്ങള്‍ക്കുള്ള ഓറിയന്റ് എക്‌സ്പ്രസ്സ് മത്സരവിഭാഗത്തിലുമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മേളയുടെ 44 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ നടന്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.

2024 മാര്‍ച്ച് ഒന്നുമുതല്‍ പത്തുവരെ നടന്ന മേളയില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ ചിത്രമാണ് ‘അദൃശ്യജാലകം’. 2019 ല്‍ ഇതേ മേളയില്‍ ഡോ.ബിജുവിന്റെതന്നെ ‘പെയിന്റിംഗ് ലൈഫ്’ എന്ന ചിത്രം ഡയറക്ടേഴ്സ് വീക്ക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ് നേടിയിരുന്നു. താലിന്‍ ബ്ലാക്ക് നൈറ്റ്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേള, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രമേള, പൂനെ രാജ്യന്തര ചലച്ചിത്രമേള തുടങ്ങി നിരവധി ചലച്ചിത്ര മേളകളില്‍ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ടൊവിനോയ്ക്ക് പുറമെ നിമിഷ സജയന്‍, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം രാധികാ ലാവുവിന്റെ എല്ലനാര്‍ ഫിലിംസും മൈത്രി മൂവി മേക്കേഴ്‌സും, ടോവിനോ തോമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ജയശ്രീ ലക്ഷ്മിനാരായണന്‍ ആണ് അസോസിയേറ്റ് പ്രൊഡ്യൂസര്‍. മൂന്നുതവണ ഗ്രാമി അവാര്‍ഡ് നേടിയ റിക്കി കേജ് ആണ് സംഗീതസംവിധാനം. യദു രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ഡേവിസ് മാനുവല്‍ ആണ്.

പ്രമോദ് തോമസ് സൗണ്ട് മിക്‌സിംഗും അജയന്‍ അടാട്ട് സൗണ്ട് ഡിസൈനും സിങ്ക് സൗണ്ട് റെക്കോര്‍ഡിംഗും കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് ദാസും പട്ടണം ഷാ മേക്കപ്പും അരവിന്ദ് കെ.ആര്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. അനൂപ് ചാക്കോ നിശ്ചലഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ എല്‍ദോ സെല്‍വരാജാണ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ നിര്‍വഹിക്കുന്നത് സംഗീത ജനചന്ദ്രനാണ്. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍.

Top