സ്ത്രീധനത്തിനെതിരെ പോരാടാനൊരുങ്ങി സര്‍ക്കാര്‍ ; ടൊവിനോ തോമസ് അംബാസഡറാകും

തിരുവനന്തപുരം : സ്ത്രീധന സമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാന്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് വനിതാ ശിശുവികസന വകുപ്പ്. നവംബര്‍ 26- ന് സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കുമെന്നും സ്ത്രീധന സമ്പ്രദായം അഞ്ചു വര്‍ഷം കൊണ്ട് ഇല്ലാതാക്കാനുള്ള കഠിന പ്രയത്നത്തിലാണെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ടൊവിനോ തോമസായിരിക്കും ബോധവൽക്കരണ പരിപാടിയുടെ ഗുഡ് വിൽ അംബാസഡർ. ആരോഗ്യമന്ത്രി കെ കെ ശൈലജ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അടുത്ത അഞ്ച് വർഷക്കാലം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂർണമായും നിർമാർജനം ചെയ്യാനുള്ള കഠിന പ്രയത്‌നത്തിലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പ്. സ്ത്രീയും പുരുഷനും രാജ്യത്തിലെ തുല്യ പൗരന്മാരാണ്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെങ്കിലും സ്ത്രീധന സമ്പ്രദായം ഇപ്പോഴും സമൂഹത്തിൽ ആഴത്തിൽ വേരോടുന്നുണ്ട്. അതിനാൽ തന്നെ യുവജനങ്ങളുടെ ഇടയിൽ ശക്തമായ അവബോധത്തിലൂടെ മാത്രമേ ഇതിനൊരു മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ. ഈയൊരു ലക്ഷ്യം മുൻനിർത്തി നിയമം കർശനമാക്കുന്നതോടൊപ്പം വിപുലമായ പരിപാടികളാണ് വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നവംബർ 26 ന് സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈയൊരു യജ്ഞത്തിന്റെ ഗുഡ് വിൽ അംബാസഡർ പ്രശസ്ത സിനിമാതാരം ടൊവിനോ തോമസായിരിക്കും.

1961ൽ സ്ത്രീധന നിരോധന നിയമം നിലവിൽ വരികയും സംസ്ഥാന സർക്കാർ 1992ൽ ചട്ടങ്ങൾ രൂപീകരിക്കുകയും 2004ൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ട് ചട്ടം പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിൽ പോലും സ്ത്രീധന സമ്പ്രദായത്തിന് മാറ്റം വന്നിട്ടില്ല. മാത്രമല്ല ഗുരുതരമായ നിരവധി സാമൂഹിക പ്രശ്‌നങ്ങൾക്കും സ്ത്രീധനം കാരണമാകാറുണ്ട്. കുടുംബ ഭദ്രതയുടെ ശിഥിലീകരണം, ഗാർഹിക പീഡനം, വിവാഹ മോചനം, ആത്മഹത്യകൾ, വിവാഹം നടക്കാതിരിക്കൽ തുടങ്ങിയവയ്ക്കും കാരണമാകുന്നു. സ്ത്രീധന പീഡനങ്ങളും സ്ത്രീധന മരണങ്ങളും വിവാഹ മോചനങ്ങളും രാജ്യത്ത് വർദ്ധിച്ച് വരുന്ന സാഹചര്യമാണുള്ളത്.

സ്ത്രീധന നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി നവംബർ 26ന് പാലക്കാട് ജില്ലയിൽ സംസ്ഥാന പരിപാടിയും മറ്റ് 13 ജില്ലകളിൽ ജില്ലാതലത്തിൽ ജില്ലാതല പരിപാടികളും സംഘടിപ്പിക്കുന്നു. പാലക്കാട് നടക്കുന്ന സംസ്ഥാനതല പരിപാടിയിൽ സിനിമാതാരം ടൊവിനോ തോമസ് മുഖ്യ അതിഥിയായി പങ്കെടുക്കും.

സോഷ്യൽ മീഡിയയുടെ പിന്തുണയോടുകൂടി സ്ത്രീധനത്തിനെതിരെ വലിയ കാമ്പയിനും സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മീം മത്സരവും (meme contest) സംഘടിപ്പിച്ചു വരുന്നു. മികച്ച ട്രോളുകൾക്ക് പാലക്കാട് വച്ചു നടക്കുന്ന ചടങ്ങിൽ ടൊവിനോ തോമസ് സമ്മാനം നൽകുന്നതാണ്. ഇതുവരെ 10 ലക്ഷത്തിലധികം പേരിൽ ഈയൊരു സന്ദേശം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ സംരംഭം വൻ വിജയമാക്കുന്നതിന് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയും അഭ്യർത്ഥിക്കുന്നു.

Top