ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് തിയറ്ററുകളിൽ എത്തും

സ് ഐ ആനന്ദ് നാരായണൻ ചാർജ് ഏറ്റെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. സിനിമയുടേതായി പുറത്തിറങ്ങിയ ഒഫിഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പൊലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. പോലീസ് തൊപ്പി വച്ചും അല്ലാതേയും രണ്ട് രീതിയിൽ താരത്തെ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്. ഡബിൾ റോളിലാണോ താരം എത്തുന്നതെന്ന രീതിയിൽ ഇതോടെ ചർച്ചകള്‍ തുടങ്ങി കഴിഞ്ഞു.

ഏറെ കോളിളക്കം സൃഷ്ടിച്ച ശ്രീദേവി കൊലപാതക കേസിന് പിന്നാലെ എസ് ഐ ആനന്ദ് നാരായണനും സംഘവും എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നി‍‍ർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലാൻസും അനൗൺസ്മെന്റ് പോസ്റ്ററും ഏറെ ദുരൂഹവും നിഗൂഢവുമായൊരു പൊലീസ് സ്റ്റോറിയാണ് ചിത്രമെന്ന സൂചന നൽകുന്നതായിരുന്നു. മീശ പിരിയോ മാസ് ഗെറ്റപ്പോ ഒന്നുമില്ലാതെ തികച്ചും സാധാരണക്കാരനായൊരു റിയൽ പൊലീസുകാരന്റെ ലുക്കിലാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന എസ്ഐ ആനന്ദിനെ കാണിച്ചിരിക്കുന്നത്.

കുറ്റാന്വേഷണ പശ്ചാത്തലത്തിലെത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. കൽക്കിക്കും എസ്രയ്ക്കും ശേഷം ടൊവിനോ പൊലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്. ടൊവിനോയെ നായകനാക്കി തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ നിർമ്മാണത്തിൽ ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോൾവിനും ഡാർവിനും ഇരട്ട സഹോദരന്മാരാണ്. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള അണിയറപ്രവർത്തകരുടേയും മറ്റും ചിത്രങ്ങളും വീഡിയോയും ഉൾക്കൊള്ളിച്ച് പുറത്തിറക്കിയിരുന്ന ഷെഡ്യൂൾ പാക്കപ്പ് വീഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൃഥ്വിരാജ് ചിത്രം കാപ്പയ്ക്ക് ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം മാര്‍ച്ച് അഞ്ചിനാണ് കോട്ടത്ത് ആരംഭിച്ചിരുന്നത്. സിനിമയുടെ സ്വിച്ചോൺ കര്‍മ്മം കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വെച്ച് നിരവധി താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു നടന്നിരുന്നത്. സിനിമയുടെ ചിത്രീകരണം കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായിട്ടുണ്ട്.

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ കാന്‍വാസിലാണ് സിനിമയുടെ അവതരണം. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ളതാണെന്നാണ് വിവരം. എഴുപതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യ സുവി (നൻപകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നു. ചിത്രത്തിൽ രണ്ട് നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

ഈ ചിത്രത്തിനു വേണ്ടി വലിയ ബജറ്റില്‍ ഒരു ടൗൺഷിപ്പ് തന്നെ കലാസംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിരുന്നു. തങ്കം എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധർ, സംഗീതം സന്തോഷ് നാരായണൻ, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാന്റ്.

Top