ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഫെബ്രുവരി 9ന് റിലീസ് ചെയ്യും

കൊച്ചി: തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തില്‍ സംഗീതമൊരുക്കുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9ന് റിലീസ് ചെയ്യും. ഡാര്‍വിന്‍ കുര്യാക്കോസ് ഒരുക്കുന്ന സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററുകളും ഫസ്റ്റ് ഗ്ലിംസും ടീസറുമൊക്കെ പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറിനെ കുറിച്ചുള്ള പുത്തന്‍ അപ്‌ഡേറ്റ് തന്റെ ഇന്‍സ്റ്റ സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് നാരായണന്‍.

‘മലയാളത്തില്‍ എന്റെ സ്വപ്നത്തിന് തുടക്കമാകുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ ഉടന്‍ എന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്. 2012-ല്‍ ‘ആട്ടക്കത്തി’ എന്ന സിനിമയിലൂടെ സിനിമാമേഖലയില്‍ തുടക്കമിട്ട അദ്ദേഹം ഇതിനകം ‘പിസ’, ‘സൂധുകാവും’, ‘ജിഗര്‍തണ്ട’, ‘ഇരൈവി’, ‘കബാലി’, ‘പരിയേറും പെരുമാള്‍’, ‘വട ചെന്നൈ’, ‘ജിപ്‌സി’, ‘കര്‍ണന്‍’, ‘സര്‍പാട്ട പരമ്പരൈ’, ‘മഹാന്‍’, ‘ദസര’, ‘ചിറ്റാ’, ‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’ തുടങ്ങി ഏവരും ഏറ്റെടുത്ത ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ റീല്‍സ് ഭരിക്കുന്ന എന്‍ജോയ് എന്‍ജാമി, മാമധുര, മൈനാരു വെട്ടി കാട്ടി, ഉനക്ക് താന്‍ തുടങ്ങിയ ഹിറ്റുകളും അദ്ദേഹം സമ്മാനിക്കുകയുണ്ടായി. അതിനാല്‍ തന്നെ ഈ ടൊവിനോ ചിത്രത്തില്‍ എന്തൊക്കെ അത്ഭുതങ്ങളാകും സന്തോഷ് നാരായണന്‍ ഒളിപ്പിച്ചിരിക്കുന്നതെന്നറിയാന്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്.

തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന പ്രത്യേകതയുമുണ്ട്. വന്‍ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിശാലമായ ക്യാന്‍വാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി (നന്‍ പകല്‍ മയക്കം ഫെയിം) എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത്. നായികമാര്‍ പുതുമുഖങ്ങളാണ്.

സിനിമയുടെ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധര്‍, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍: സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ, പി ആര്‍ ഒ: ശബരി, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്.

Top